CR7 എന്ന പേരിൽ പ്രസിദ്ധനായ പോർച്ചുഗീസ് ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റോണാൾഡോയെ കുറിച്ച് നിങ്ങൾ കേട്ടുകാണും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന, പ്രൈവറ്റ് ജെറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകളാണ് താഴെയുള്ളത്. (ഫാക്ട് ചെക്കിംഗിന് വിധേയമാകാത്ത സ്റ്റോറി)
ഫാമിലിയോടൊത്ത് സൌകര്യപ്രദമായി യാത്ര ചെയ്യാൻ വേണ്ടി, 60 ദശലക്ഷം യൂറോ (600 കോടിയിലധികം രൂപ) വിലയുള്ള ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങാൻ കഴിഞ്ഞ മാസം ഞാൻ തീരുമാനിച്ചു. ബാല്യകാലത്തിൽ കേട്ടിരുന്ന അമ്മയുടെ കദനകഥ അപ്പോഴാണ് എന്റെ ഓർമയിൽ തെളിഞ്ഞുവന്നത്:
ബസും യാത്രാ സൌകര്യങ്ങളൊന്നും ലഭ്യമല്ലാതിരുന്ന ചെറുപ്പ കാലത്ത്, സ്കൂളിൽ പോവാൻ അമ്മ ദിനേന 10 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചിരുന്നു. മഴയും വെയിലും വകവക്കാതെ ദുർഘടമായ പാതകളിലൂടെ അവർ നടന്നു. അത് ഓർത്തുപോയപ്പോൾ ഞാനെന്റെ തീരുമാനം മാറ്റി. പകരം ആ പണം കൊണ്ട് ദരിദ്രഗ്രാമങ്ങളിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് സ്കൂളിൽ പോവാനായി 100 ബസ് വാങ്ങിക്കൊടുത്തു.
കുട്ടികൾ ചിരിച്ചുല്ലസിച്ച് ബസിൽ പ്രവേശിക്കുന്നത് കണ്ടപ്പോൾ ഞാനെന്റെ അമ്മക്ക് ഫോൺ ചെയ്തു. അമ്മ പറഞ്ഞു: മോനേ, വിദ്യാർഥികളെ പഠനത്തിലേക്കും അതുമൂലം അവരുടെ സ്വപ്നത്തിലേക്കും കൊണ്ടെത്തിക്കുന്നതാണ് ഏറ്റവും വലിയ യാനപാത്രം.
പ്രിയപ്പെട്ടവരേ, ഞാൻ ദാരിദ്ര്യത്തിലാണ് വളർന്നത്, അതുകൊണ്ട് എന്റെ മക്കൾ ദാരിദ്ര്യം അറിയാതെ വളരണം എന്ന് ചിന്തിക്കുന്ന രക്ഷിതാക്കളെ നമുക്കിടയിൽ കാണാം. നല്ല ചിന്ത തന്നെ. പക്ഷേ, അങ്ങനെ വളർന്ന കുട്ടികൾക്ക് പിന്നീട് തന്റെ സാമൂഹിക ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ പ്രയാസകരമായിരിക്കും. ജിവിതത്തിന്റെ വിവിധഘട്ടങ്ങൾ അതിജീവിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരാനും അവർ ചെറുപ്പം മുതലേ ശിക്ഷണം ചെയ്യപ്പെടേണ്ടതുണ്ട്.
No comments:
Post a Comment