ഐടി കോർണർ സ്മാർട്ട്‌വാച്ചും ചുവടുകളും

 സ്മാർട്ട്‌വാച്ചും ചുവടുകളും


നിങ്ങളുടെ കൈയ്യിൽ കെട്ടിയ സ്മാർട്ട്‌വാച്ച് നിങ്ങളുടെ ഓരോ ദിവസത്തേയും ചുവടുകൾ എണ്ണുന്നുണ്ടെന്ന് കൂട്ടുകാർക്ക് അറിയാമോ? നിങ്ങളുടെ ഓരോ ചുവടും എണ്ണാൻ അതിനുള്ളിൽ കുഞ്ഞുമനുഷ്യരൊന്നും ഇരിക്കുന്നില്ല! പിന്നെങ്ങനെയാണ് ഇത് സാധ്യമാവുന്നത്?


ചലനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന 'ആക്സിലറോമീറ്റർ' (Accelerometer) എന്ന ചെറിയൊരു സെൻസറാണ് സ്മാർട്ട്‌വാച്ച് ഇതിനായി ഉപയോഗിക്കുന്നത്. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ കൈത്തണ്ട ഒരു പ്രത്യേക താളത്തിൽ ചലിക്കുന്നു. ഈ ആവർത്തിച്ചുള്ള ചലനങ്ങൾ തിരിച്ചറിയുന്ന ആക്സിലറോമീറ്റർ, ആ വിവരങ്ങൾ വാച്ചിലെ കമ്പ്യൂട്ടർ പ്രൊസസ്സറിലേക്ക് അയക്കുന്നു.


തുടർന്ന്, പ്രത്യേക സോഫ്റ്റ്‌വെയറുകളുടെയും ഗണിതശാസ്ത്ര കണക്കുകൂട്ടലുകളുടെയും സഹായത്തോടെ, ഇത് നടക്കുമ്പോഴുള്ള സ്റ്റെപ്പ് തന്നെയാണോ അതോ ഒരിടത്തിരുന്ന് വെറുതെ കൈ അനക്കുകയാണോ എന്ന് വാച്ച് നിർണ്ണയിക്കുന്നു. ഒരിടത്ത് ഇരുന്ന് വെറുതെ കൈയനക്കുന്നത് സാധാരണ നടത്തത്തിന്റെ ചലനങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ വാച്ച് അതിനെ ഒരു ചുവടായി കണക്കാക്കണമെന്നില്ല.


പല സ്മാർട്ട്‌വാച്ചുകളിലും മറ്റ് സെൻസറുകളും ഉണ്ടാകാറുണ്ട്. വാച്ചിന്റെ തിരിവുകളും ചെരിവുകളും (Rotation) മനസ്സിലാക്കാൻ ഗൈറോസ്‌കോപ്പും (Gyroscope), പുറത്ത് നടക്കുമ്പോഴോ ഓടുമ്പോഴോ ഉള്ള സ്ഥാനവും സഞ്ചരിച്ച ദൂരവും കൃത്യമായി അളക്കാൻ ജിപിഎസും (GPS) സഹായിക്കുന്നു.


ഇങ്ങനെയൊക്കെയാണെങ്കിലും സ്മാർട്ട്‌വാച്ച് എപ്പോഴും നൂറു ശതമാനം കൃത്യമായിരിക്കണമെന്നില്ല. ചിലപ്പോഴൊക്കെ ഇത് കുറച്ച് അധികം ചുവടുകൾ എണ്ണിയേക്കാം, അല്ലെങ്കിൽ ചിലത് വിട്ടുപോയെന്നും വരാം.

മൂകസാക്ഷി: ചാലിയം കോട്ട

 ചാലിയം കോട്ട


ഹായ് കൂട്ടുകാരെ! ഇന്ന് നമ്മൾ കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനടുത്തുള്ള ചാലിയം എന്ന മനോഹരമായ തീരദേശ ഗ്രാമത്തിലേക്കാണ് പോകുന്നത്. ബേപ്പൂർ പുഴയും ചാലിയാറും കടലിനോട് ചേരുന്ന ഈ സ്ഥലത്ത് വിസ്മയകരമായൊരു ചരിത്രമുണ്ട്!


ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് (എ.ഡി. 1531-ൽ) വിദേശികളായ പോർച്ചുഗീസുകാർ നമ്മുടെ കച്ചവടവും കടൽവഴികളും കീഴടക്കാനായി ചാലിയത്ത് കല്ലും ചെളിയും ഉപയോഗിച്ച് ശക്തമായ ഒരു കോട്ട നിർമ്മിച്ചു. മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ തന്ത്രപ്രധാനമായ കോട്ടയിൽ നിന്നുകൊണ്ട് അവർ സാമൂതിരി രാജാവിന്റെ കപ്പലുകളെയും നാടൻ വ്യാപാരികളെയും ഉപദ്രവിക്കാൻ തുടങ്ങി.


പറങ്കികളുടെ ഈ അക്രമം സഹിക്കാനാവാതെ സാമൂതിരി രാജാവും അദ്ദേഹത്തിന്റെ നാവികപ്പടത്തലവനായ കുഞ്ഞാലി മരക്കാരും ചേർന്ന് പോർച്ചുഗീസുകാർക്കെതിരെ വലിയൊരു യുദ്ധം പ്രഖ്യാപിച്ചു! തുടർന്ന്, കുഞ്ഞാലി മരക്കാരുടെ നാവികസൈന്യം കടൽവഴിയുള്ള മുഴുവൻ പോർച്ചുഗീസ് കപ്പലുകളെയും തടഞ്ഞു. സാമൂതിരിയുടെ പടയാളികൾ കരയിലൂടെ കോട്ട മുഴുവൻ വളഞ്ഞു. നാല് മാസത്തോളം നീണ്ടുനിന്ന ഉപരോധത്തിനൊടുവിൽ പോർച്ചുഗീസുകാർക്ക് തോൽവി സമ്മതിച്ച് കപ്പൽ കയറി ഓടിപ്പോകേണ്ടി വന്നു!


വിജയത്തിന് ശേഷം സാമൂതിരി രാജാവ് ആ പോർച്ചുഗീസ് കോട്ടയുടെ തറക്കല്ലുപോലും ബാക്കി വെക്കാതെ ഇടിച്ചുനിരത്തി. ഇനി പോർച്ചുഗീസുകാർ തിരിച്ചുവന്ന് അവിടെ താവളമടിക്കാതിരിക്കാനായിരുന്നു അത്. തുടർന്ന്, ആ കോട്ടയിൽ നിന്ന് ലഭിച്ച മരത്തടികളും കല്ലുകളും ഉപയോഗിച്ച് ചാലിയം ജുമാ മസ്ജിദും കോഴിക്കോട്ടെ മിഷ്കാൽ പള്ളിയും കൂടുതൽ മനോഹരമായി പുനർനിർമ്മിച്ചു. 


കേരളത്തിന്റെ മണ്ണിൽ നിന്നും വിദേശ അധിനിവേശത്തെ തുരത്തിയ ധീരതയുടെയും സാമൂതിരി-കുഞ്ഞാലി മരക്കാർ സൗഹൃദത്തിന്റെയും വലിയൊരു അടയാളമാണ് ചാലിയം!

പാർൻ്റിംഗ്: മക്കളുടെ ഹീറോ ആരാണ്?

 മക്കളുടെ ഹീറോ ആരാണ്?

“ഉപ്പാ, എന്റെ ഹീറോ ആരാണെന്ന് അറിയാമോ?”

ചോദ്യം കേട്ടപ്പോൾ ഉപ്പ റൂമിലേക്ക് കയറിവന്നു. ചുമരിൽ ഒട്ടിച്ചുവച്ച ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങൾക്കു മുമ്പിൽ നിന്നു കൊണ്ട് ആദിൽ ചോദിക്കുകയാണ്. 


സ്കൂളിലെ കൂട്ടുകാരെല്ലാം അവരവരുടെ ഹീറോമാരെക്കുറിച്ച് സംസാരിക്കാറുണ്ട്. തനിക്കും ഒരു ഹീറോ വേണമെന്ന് കരുതിയാണ് ആദിൽ ചുമരിൽ നിരവധി പോസ്റ്ററുകൾ ഒട്ടിച്ചുവച്ചത്. 


“നിനക്ക് ഇഷ്ടമുള്ളവരൊക്കെ നിന്റെ ഹീറോകളാണോ?” ഉപ്പ ചോദിച്ചു.

“അതെ!”

“പക്ഷേ മോനേ, ഒരാളെ ഹീറോയാക്കുമ്പോൾ നമ്മൾ അയാളുടെ കഴിവ് മാത്രമല്ല നോക്കേണ്ടത്. അയാളുടെ സ്വഭാവവും ജീവിതവും കൂടി നോക്കണം.” ഉപ്പ അവന്റെ അടുത്തിരുന്നു. 


രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണിത്. കുട്ടികൾ സ്വാഭാവികമായും ആരെയെങ്കിലും മാതൃകയാക്കും. അവർ കാണുന്നവരെ അനുകരിക്കും; സംസാരിക്കുന്ന രീതി മുതൽ വസ്ത്രധാരണം വരെ. അതിൽ സിനിമ, സ്പോർട്സ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉണ്ടാവും.


പക്ഷേ, നമ്മുടെ കുട്ടികൾ മാതൃകയാക്കേണ്ടത് ആരെയാണ്? പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി(സ്വ)യെയാണ്. നബി (സ്വ) ഒരു ആത്മീയ നേതാവ് മാത്രമായിരുന്നില്ല. സ്നേഹമുള്ള പിതാവും, കരുണയുള്ള അധ്യാപകനും, നീതിമാനായ നേതാവും, നല്ല സുഹൃത്തും, ദുർബലരുടെ സംരക്ഷകനുമായിരുന്നു. കുട്ടികളോട് സ്നേഹത്തോടെ പെരുമാറുകയും അവരുടെ വാക്കുകൾ കേൾക്കുകയും അവരെ ആദരിക്കുകയും ചെയ്ത മാതൃകയായിരുന്നു അദ്ദേഹം.


“നബിയെ സ്നേഹിക്കണം” എന്നു മാത്രം പറയുന്നതിനു പകരം, കുട്ടികൾക്ക് “നബി ﷺ എങ്ങനെയായിരുന്നു?” എന്ന് പരിചയപ്പെടുത്തി കൊടുക്കുക.

നബി(സ്വ)യുടെ ബാല്യവും കുടുംബജീവിതവും സൗഹൃദങ്ങളും കരുണയും ധൈര്യവും ക്ഷമയും നീതിബോധവും ചരിത്രങ്ങളിലൂടെ പരിചയപ്പെടുത്തുക.


കുട്ടികൾക്ക് ഹീറോകളെ വേണ്ടതുണ്ട്. അവരെ നമുക്ക് തടയാനാവില്ല. പക്ഷേ, അവരുടെ ഹീറോകൾ ആരാകണം എന്നതിനെ കുറിച്ച് നമുക്കൊരു ധാരണ വേണം. മാതൃകകളാണ് നമ്മുടെ മക്കളുടെ ഭാവിയെ രൂപപ്പെടുത്തുന്നത്.

മൂകസാക്ഷി: പൂക്കോട്ടൂർ ഗേറ്റ്

 പൂക്കോട്ടൂർ ഗേറ്റ്


ഹായ് കൂട്ടുകാരെ! നമ്മൾ ഇന്ന് പോകുന്നത് മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു ചരിത്ര ഭൂമികയിലേക്കാണ്; പൂക്കോട്ടൂർ. കോഴിക്കോട് - പാലക്കാട് ദേശീയപാതയിലൂടെ പോകുമ്പോൾ മലപ്പുറം നഗരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന പൂക്കോട്ടൂർ എന്ന പ്രദേശത്തെ പഞ്ചായത്ത് ഓഫീസിന് മുന്നിലായി മനോഹരമായ ഒരു കവാടം (Gate) കാണാം. ഇതാണ് പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റ്.


ഇതൊരു സാധാരണ കവാടമല്ല, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ ഒരുകൂട്ടം ധീരദേശാഭിമാനികളുടെ ഓർമ്മ പുതുക്കുന്ന സ്മാരകമാണിത്!


പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നൂറു വർഷം മുമ്പ്, 1921 ആഗസ്റ്റ് 26-ന് ഈ നാട്ടിലെ സാധാരണക്കാരായ കർഷകരും പോരാളികളും ബ്രിട്ടീഷ് പട്ടാളത്തോട് നേരിട്ട് ഏറ്റുമുട്ടി. തോക്കുകളും വലിയ യുദ്ധക്കോപ്പുകളുമായി വന്ന ബ്രിട്ടീഷ് സൈന്യത്തെ, തങ്ങളുടെ കയ്യിലുണ്ടായിരുന്ന നാടൻ ആയുധങ്ങൾ മാത്രമുപയോഗിച്ചാണ് പൂക്കോട്ടൂരിലെ ധീരന്മാർ നേരിട്ടത്!

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഈ വലിയ പോരാട്ടത്തിൽ മലബാറിലെ മുന്നൂറിലധികം വീരയോദ്ധാക്കൾ രാജ്യത്തിനായി രക്തസാക്ഷികളായി. ഈ യുദ്ധത്തിൽ ഒരു ധീര വനിതയും പങ്കെടുത്ത് രക്തസാക്ഷിയായി എന്നത് ചരിത്രത്തിലെ മറ്റൊരു വലിയ അത്ഭുതമാണ്!


ബ്രിട്ടീഷുകാരുടെ ക്രൂരഭരണത്തിനെതിരെ ധീരമായി പോരാടിയ പൂക്കോട്ടൂരിലെ യോദ്ധാക്കളുടെ സ്മരണയ്ക്കായാണ് ഈ സ്മാരക കവാടം പണികഴിപ്പിച്ചത്. മലപ്പുറം ടൗണിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാറി 'അറവങ്കര' എന്ന സ്ഥലത്താണ് ഈ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. യുദ്ധത്തിൽ വീരമൃത്യു വരിച്ച ചില രക്തസാക്ഷികളുടെ ഖബറുകൾ കൂടി ഇവിടെ കാണാം. 


സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാറിലെ ജനങ്ങൾ കാണിച്ച ധീരതയുടെയും ഒത്തൊരുമയുടെയും വലിയൊരു അടയാളമാണ് പൂക്കോട്ടൂർ ഗേറ്റ്. മലപ്പുറം വഴി പോകുമ്പോൾ ധീരദേശാഭിമാനികളുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ കവാടം കാണാൻ മറക്കരുത് കേട്ടോ!

ടെക് കോർണർ: ഫുട്ബോൾ മൈതാനത്തെ സ്മാർട്ട് സാങ്കേതികവിദ്യ!

 ടെക് കോർണർ: ഫുട്ബോൾ മൈതാനത്തെ സ്മാർട്ട് സാങ്കേതികവിദ്യ!

ആധുനിക കാലത്ത് ഫുട്ബോൾ എന്നാൽ വേഗതയേറിയ കളിക്കാരും മിടുക്കരായ റഫറിമാരും മാത്രമല്ല. മത്സരങ്ങൾ എക്കാലത്തെക്കാളും കൂടുതൽ നീതിയുക്തവും ആവേശകരവുമാക്കാൻ ഫിഫ ലോകകപ്പ് 2026-ൽ അത്ഭുതകരമായ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്! അവ എന്താണെന്ന് അറിയേണ്ടേ?


കണക്റ്റഡ് ബോൾ (Connected Ball)

ഫുട്ബോളിനുള്ളിൽ ഒരു ചെറിയ സെൻസർ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്! ഈ സെൻസർ ഓരോ സെക്കൻഡിലും നൂറുകണക്കിന് വിവരങ്ങൾ കൈമാറുന്നു. കളിക്കാരൻ പന്തിൽ തൊടുന്ന കൃത്യമായ നിമിഷം മനസ്സിലാക്കാൻ റഫറിമാരെ ഇത് സഹായിക്കുന്നു.


അഡ്വാൻസ്ഡ് സെമി-ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി

സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രത്യേക ക്യാമറകൾ കളിക്കാരെയും പന്തിനെയും സദാ നിരീക്ഷിക്കുന്നു. ഒരു കളിക്കാരൻ ഓഫ്‌സൈഡ് ആണെങ്കിൽ, ഈ സിസ്റ്റം അതിവേഗം തന്നെ റഫറിക്ക് മുന്നറിയിപ്പ് നൽകുന്നു. അന്തിമ തീരുമാനം റഫറി തന്നെയാണ് എടുക്കുന്നതെങ്കിലും തെറ്റുകൾ കുറക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.


റഫറി ബോഡി ക്യാമറകൾ

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി റഫറിമാർ ബോഡി ക്യാമറകളും ധരിക്കുന്നുണ്ട്! കളി കാണുന്ന ആരാധകർക്ക് റഫറിയുടെ ആംഗിളിൽ നിന്ന് മത്സരം കാണാനുള്ള അവസരം ഇതുമൂലം ലഭ്യമാവുന്നു. 


സാങ്കേതികവിദ്യ നമ്മുടെ ജീവിതം മുഴുവൻ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. കാര്യത്തിന് വേണ്ടിയെന്നല്ല, കളിയിലും സാങ്കേതികവിദ്യ തന്നെയാണ് കാര്യക്കാരൻ.

പാർൻ്റിംഗ്: IQ-വിനൊപ്പം EQ-വും

 IQ-വിനൊപ്പം EQ-വും

കുട്ടികളെ നല്ല ബുദ്ധിശക്തിയുള്ളവരായി വളർത്തിയെടുക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഉയർന്ന മാർക്കും സമ്മാനങ്ങളും നാം ആഘോഷിക്കാറുണ്ട്. ഇവയെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും, ഇതേ അളവിൽ തന്നെ ശ്രദ്ധ അർഹിക്കുന്ന മറ്റൊരിനം ബുദ്ധിശക്തി കൂടിയുണ്ട്—ഇമോഷണൽ ക്വോഷൻറ് (EQ) അഥവാ വൈകാരിക ബുദ്ധി.


ഗണിതസമസ്യകൾ പരിഹരിക്കാനും ശാസ്ത്രം മനസ്സിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും IQ കുട്ടികളെ സഹായിക്കുന്നു. എന്നാൽ EQ അവരെ സ്വന്തം വികാരങ്ങളെ മനസ്സിലാക്കാനും, ദേഷ്യം നിയന്ത്രിക്കാനും, ദയ കാണിക്കാനും, കൂട്ടുകൂടാനും, നിരാശകളിൽ നിന്ന് കരകയറാനും സഹായിക്കുന്നു. ഉയർന്ന IQ ഉള്ള ഒരു കുട്ടിക്ക് കഠിനമായ സമവാക്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, EQ ഇല്ലെങ്കിൽ ചെറിയ തർക്കങ്ങൾ പോലും അവരെ തളർത്തിക്കളയും.


ഡാനിയൽ ഗോൾമാൻ എന്ന മനശാസ്ത്രജ്ഞനാണ് വൈകാരിക ബുദ്ധി എന്ന ആശയത്തെ ജനപ്രിയമാക്കിയത്. അദ്ദേഹം EQ വിനെ വിവരിച്ചത് ഇങ്ങനെയാണ്: ജീവിതവിജയം കേവലം ബൗദ്ധികമായ കഴിവിനെ മാത്രം ആശ്രയിച്ചല്ല, മറിച്ച് സ്വയം തിരിച്ചറിയൽ (self-awareness), സ്വയം നിയന്ത്രണം (self-control), സഹാനുഭൂതി (empathy), നല്ല ബന്ധങ്ങൾ എന്നിവയെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ്. ഈ കഴിവുകളെല്ലാം കുട്ടികൾ ആദ്യം പഠിക്കുന്നത് സ്വന്തം വീടുകളിൽ നിന്നാണ്.


സ്കൂളിൽ ഒരേ മാർക്ക് വാങ്ങുന്ന രണ്ട് കുട്ടികളെ സങ്കൽപ്പിക്കുക. അതിലൊരാൾ ചെറിയ തെറ്റുകളിൽ പോലും അസ്വസ്ഥനാവുകയും പെട്ടെന്ന് തന്നെ തന്റെ ശ്രമം ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, മറ്റേയാൾ തെറ്റുകൾ അംഗീകരിക്കുകയും അവയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആത്മവിശ്വാസത്തോടെ വീണ്ടും ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെ വ്യത്യാസം IQ-വിലല്ല—മറിച്ച് EQ-വിലാണ്.


ലളിതമായ ശീലങ്ങളിലൂടെ തന്നെ മാതാപിതാക്കൾക്ക് കുട്ടികളിൽ വൈകാരിക ബുദ്ധി വളർത്തിയെടുക്കാൻ കഴിയും: അവർ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്താതെ കേൾക്കുക, വികാരങ്ങൾ പ്രകടിപ്പിക്കാൻ അവരെ അനുവദിക്കുക, ഫലങ്ങളെക്കാൾ അവർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുക, മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാൻ അവരെ പ്രാപ്തരാക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


എന്ത് ചിന്തിക്കണം, എങ്ങനെ ചിന്തിക്കണം എന്നാണ് സ്കൂളുകൾ കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ എങ്ങനെ അനുഭവിക്കണം, എങ്ങനെ കരുതൽ നൽകണം, എങ്ങനെ പ്രതികരിക്കണം എന്ന് പഠിപ്പിക്കാൻ സാധിക്കുന്നത് കുടുംബങ്ങൾക്കാണ്.

മൂകസാക്ഷി: പാറപ്പള്ളി: കടലിലെ പാറക്കൂട്ടങ്ങളും അത്ഭുതക്കാഴ്ചകളും!

 പാറപ്പള്ളി: കടലിലെ പാറക്കൂട്ടങ്ങളും അത്ഭുതക്കാഴ്ചകളും!

ഹായ് കൂട്ടുകാരെ! ഇന്ന് നമ്മൾ പോകുന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള ഒരു സ്ഥലത്തേക്കാണ്. പേര് പാറപ്പള്ളി. ഒരു വശത്ത് പച്ചനിറഞ്ഞ കുന്നും തൊട്ടടുത്ത് വലിയ കരിമ്പാറകൾ നിറഞ്ഞ കടലുമാണ് ഇവിടുത്തെ കാഴ്ച.


ഏകദേശം 1300-ലധികം വർഷങ്ങൾക്ക് മുമ്പ് മാലിക് ബ്ൻ ദീനാറും കൂട്ടരും പണിതതാണ് ഈ പള്ളി എന്ന് വിശ്വസിക്കപ്പെടുന്നു. കേരളചരിത്രം എഴുതിയ വില്യം ലോഗൻ പറയുന്നത് ഇത് കേരളത്തിലെ ആദ്യത്തെ രണ്ടാമത്തെ പള്ളിയാണെന്നാണ്. 


കടൽക്കാറ്റേറ്റ് നിൽക്കുന്ന മനോഹരമായ ഒരു കുന്നിൻമുകളിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഈ കുന്നിൻപ്രദേശത്ത് ധാരാളം പഴയ ഖബറിടങ്ങൾ കാണാം. അതിൽ പ്രധാനപ്പെട്ട ഖബ്ർ, പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ അനുചരനും ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത മഹാനുമായ തമീമുൽ അൻസാരിയുടേതാണെന്ന് പറയപ്പെടുന്നു. ചുറ്റുമുള്ള മറ്റു 13 ഖബ്റുകൾ സ്വഹാബികളുടേയോ അവരുടെ അനുചരരുടേയോ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 


പള്ളിക്ക് സമീപം പാറയിൽ പതിഞ്ഞുകിടക്കുന്ന വലിയൊരു കാൽപാദം കാണം. ഇത് ഭൂമിയിലെ ആദ്യ മനുഷ്യനായ ആദം നബിയുടെ കാലടിയാണെന്നാണ് പഴമക്കാർ പറയുന്നത്. 


കടൽവെള്ളത്തിന് നല്ല ഉപ്പുരസമാണെന്ന് കൂട്ടുകാർക്കറിയാമല്ലോ? എന്നാൽ പാറപ്പള്ളിയിലെ കടൽത്തീരത്തെ പാറയിടുക്കുകളിൽ നിന്ന് ഒരു കുഞ്ഞു നീരുറവ വരുന്നുണ്ട്. അതിലെ വെള്ളത്തിന് ഒട്ടും ഉപ്പുരസം ഇല്ല! നല്ല തണുത്ത മധുരമുള്ള വെള്ളമാണിത്. ഇതിനെ 'ഔലിയാ വെള്ളം' എന്ന് വിളിക്കുന്നു. കടലിന്റെ നടുവിൽ ഇങ്ങനെ മധുരമുള്ള വെള്ളം വരുന്നത് വലിയൊരു അത്ഭുതമല്ലേ?


ഖബ്ർ സിയാറത്തിനും അത്ഭുതക്കാഴ്ചകൾ കാണാനും ഒരുപാട് സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. അങ്ങോട്ട് പോകുമ്പോൾ ഇതെല്ലാം കാണുമല്ലോ?