വടക്കുനോക്കി യന്ത്രം ദിശ കാണിച്ച ബാലൻ


ജർമനിയിലെ ഒരു ഇടത്തരം കുടുംബം. ഹെർമനും പോളിനും ജനിച്ച കുഞ്ഞിന് പക്ഷേ, ജന്മനാ ചില പ്രയാസങ്ങൾ ഉണ്ടായിരുന്നു. നടക്കാൻ കഴിയുന്നില്ല. ചികിത്സിക്കാൻ വന്ന വൈദ്യൻ കൈമലർത്തി. "ചില കുട്ടികൾ നടക്കാൻ വൈകും" എന്ന് മാത്രം പറഞ്ഞു. നാല് വയസ്സ് വരെ ചില അക്ഷരങ്ങൾ ഉച്ചരിക്കാൻ അവനു കഴിഞ്ഞില്ല.

സ്കൂളിൽ ചേർത്തപ്പോൾ 'രണ്ടാം നമ്പറാ'യി മുദ്രകുത്തപ്പെട്ടു. പഠിക്കാൻ ശേഷിയില്ലാത്തവനായും മന്ദബുദ്ധിയായും അധ്യാപകർ അവനെ പരിചയപ്പെടുത്തി. അധികം താമസിയാതെ അവനവർക്കൊരു ശല്യവും തലവേദനയുമായി മാറി.

വീട്ടിൽ തന്നെ കഴിഞ്ഞുകൂടിയ കുഞ്ഞുനാളിൽ അച്ഛൻ അവനൊരു കുഞ്ഞു ഗിഫ്റ്റ് നൽകി: ഒരു വടക്കുനോക്കി യന്ത്രം. അവശതകൾക്കിടയിലും അവൻ്റെ മനോമുകുരങ്ങളിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ സമ്മാനം അവൻ്റെ ചിന്തകളെ ആഴത്തിൽ സ്വാധീനിച്ചു; എപ്പോഴും വടക്കോട്ടു മാത്രം തിരിഞ്ഞു നിൽക്കുന്ന സൂചി.. അതു തന്നെ ബാഹ്യവും ദൃശ്യവുമായ ശക്തി അതിൽ പ്രവർത്തിക്കാതെ.. ഈ കൗതുകം അവൻ്റെയുള്ളിൽ ഒരു ചോദ്യഛിഹ്നമായി നിലകൊണ്ടു.

പിൽക്കാലത്ത് 1921 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം തൻ്റെ പേരിനൊപ്പം തുന്നിച്ചേർത്തു കൊണ്ടാണ് അവൻ അതിന് ഉത്തരം കണ്ടുപിടിച്ചത്. ആരായിരുന്നു അത്? ആപേക്ഷികതാ സിദ്ധാന്തത്തിന് ബീജാവാഹം നൽകി പ്രാപഞ്ചിക സ്ഥലകാല നിയമങ്ങൾ മാറ്റിയെഴുതിയ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റൈൻ! പ്രപഞ്ചങ്ങളുടെ നിഗൂഢതകളിലേക്ക് നമ്മുടെ കൈ പിടിച്ച് കൊണ്ടുപോയ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസ ശാസ്ത്രജ്ഞൻ.

കുറവുകളില്ലാത്ത കുട്ടികളില്ല. എന്നാൽ അവരറിയാതെ കനലൊരുവെട്ടം അവരുടെ അകത്ത് എരിയുന്നുണ്ടാവും. അത് കണ്ടുപിടിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.

No comments:

Post a Comment