ടോണി അച്ചടക്കമുള്ളവനായിരുന്നെങ്കിലും ജോം വികൃതിപ്പയ്യനായിരുന്നു. മറ്റുള്ളവരുടെ ഡ്രസിലും പുസ്തകത്തിലുമൊക്കെ പേന കൊണ്ട് വരക്കും. ക്ലാസിൽ ഒതുങ്ങി നിൽക്കില്ല. എപ്പോഴും ഓടിച്ചാടി നടക്കും. വീട്ടിലേക്ക് എത്തുമ്പോഴേക്കും വസ്ത്രം ആകെ വൃത്തികേടായിരിക്കും.
ടോണിയുടെ അച്ഛനമ്മമാർക്ക് ഇത് അറിയാമെങ്കിലും, കൊച്ചു കുട്ടിയല്ലേ.. കുറച്ച് വികൃതിയൊക്കെയുണ്ടാവും.. എന്ന് കരുതി സമാധാനിച്ചു. എന്നാലും ദിവസവും അവർ ടോണിയോട് സ്കൂൾ വിശേഷങ്ങൾ ചോദിക്കാറുണ്ടായിരുന്നു. വിശേഷങ്ങൾ അറിയുന്നതിലുപരി ജോമിൻ്റെ കൂട്ടുകെട്ടാണ് അവർ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. മകന് നല്ല ചങ്ങാത്തം ഉണ്ടാക്കിക്കൊടുക്കൽ തങ്ങളുടെ കൂടി ബാധ്യതയാണല്ലോ എന്ന തിരിച്ചറിവായിരുന്നു ഈ അന്വേഷണങ്ങൾക്ക് പിറകിൽ.
ഒരിക്കൽ സ്കൂൾ കഴിഞ്ഞ് തിരിച്ചെത്തിയ ടോണി തൻ്റെ സുഹൃത്ത് ജോമിനെ കുറിച്ച് വളരെ ആവേശത്തോടെ പറഞ്ഞു. അമ്മേ.. ഇന്ന് ജോം അലക്‌സിനെ പറ്റിച്ചു; ആരും കാണാതെ അവൻ്റെ പേന എടുത്ത് ബാഗിൽ വെച്ചു. പേന കാണാത്തത് കൊണ്ട് അലക്സ് കരയാൻ തുടങ്ങി. ടീച്ചർ എല്ലാവരുടെയും ബാഗ് നോക്കി. ജോമിൻ്റെ ബാഗിൽ നിന്ന് അത് കിട്ടി. അലക്സിന് തിരിച്ച് കൊടുത്തു. ടീച്ചർ ജോമിനെ അടിക്കുകയും ചെയ്തു. പാവം ജോം.
ടോണിക്ക് കാര്യത്തിൻ്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് അമ്മക്ക് മനസ്സിലായി. അവന് മോഷണത്തിലെ തെറ്റ് പറഞ്ഞു കൊടുത്തു. കളവ് നല്ല കുട്ടികളുടെ സ്വഭാവമല്ലെന്നും മറ്റുള്ളവരുടെ വസ്തുക്കൾ അവരുടെ സമ്മതമില്ലാതെ എടുക്കാൻ പാടില്ലെന്നും മനസ്സിലാക്കി കൊടുത്തു.
മക്കളുടെ കാര്യത്തിൽ മാത്രമല്ല അവരുടെ ചെങ്ങാത്തത്തിലും വേണം ഒരു നോട്ടം. നല്ല കൂട്ടുകെട്ടാണ് ഒരാളെ നന്നാക്കുന്നത്. മോശം കൂട്ടുകെട്ട് കുട്ടികളെ വഴിതെറ്റിക്കും. രക്ഷിതാക്കൾ കുട്ടികളുടെ പഠനവും എഴുത്തും ഹോംവർക്കും മാത്രം ശ്രദ്ധിച്ചാൽ പോരാ. സ്കൂളിൽ പോയില്ലെങ്കിലും സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയുക. കൂട്ടുകാരെക്കുറിച്ച് ചോദിക്കുക. അറബിയിൽ ഒരു ആപ്തവാക്യമുണ്ട്: ഒരാളെ കുറിച്ച് അറിയണമെങ്കിൽ അവനെക്കുറിച്ചല്ല, അവൻ്റെ കൂട്ടുകെട്ടിനെ കുറിച്ച് ചോദിച്ചാൽ മതി.
No comments:
Post a Comment