പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായിരുന്ന ജോർജ്ജ് ബർണാർഡ് ഷായെ കുറിച്ച് രസകരമായ ഒരു സംഭവം പറയപ്പെടാറുണ്ട്. സ്വതവേ വിരൂപിയായിരുന്ന അദ്ദേഹത്തോട് അതീവസൗന്ദര്യവതിയായ ഒരു യുവതി വിവാഹാഭ്യർത്ഥന നടത്തി.
"നോക്കൂ, ബെർണാഡ്.. നമുക്കൊരു കുഞ്ഞ് ജനിച്ചാൽ അവൻ ലോകത്തെ കീഴടക്കും.." പൊരുൾ മനസ്സിലാവാതെ തിരിഞ്ഞ് നോക്കിയ അദ്ദേഹത്തോട് യുവതി തൻ്റെ ന്യായവും പറഞ്ഞുകൊടുത്തു: "...കാരണം, എൻ്റെ സൗന്ദര്യവും നിങ്ങളുടെ ബുദ്ധിയും അവനിൽ സമ്മേളിക്കും. അങ്ങനെ പ്രഗത്ഭനായ ഒരാളായി അവൻ വളരും."
ഒന്ന് ആലോചിച്ച ശേഷം ബെർണാഡ് ഷാ പറഞ്ഞു: "ഇനി എൻ്റെ സൗന്ദര്യവും നിൻ്റെ ബുദ്ധിയുമാണ് അവനിൽ സമ്മേളിക്കുന്നത് എങ്കിലോ? ലോകത്ത് അവനേക്കാൾ മറ്റൊരു ഹതഭാഗ്യൻ ഉണ്ടാവുമോ?"
പ്രസ്തുത സംഭവം ചരിത്രത്തിൽ നടന്നതു തന്നെയാണോ അതോ ആരുടെയെങ്കിലും കല്പനാസൃഷ്ടിയാണോ എന്നറിയില്ല. കഥാപാത്രം ബെർണാഡ് ഷാ ആണോ എന്നതും തഥൈവ. ഏതായാലും, കഥയിൽ കാര്യമുണ്ട് എന്നാണല്ലോ ചൊല്ല്.
മാതാപിതാക്കളുടെ ജീനുകളുടെയും ജൈവകണങ്ങളുടെയും പലയളവുകളിലുള്ള മിശ്രിത രൂപമാണ് സന്താനങ്ങൾ. വിവിധയിടങ്ങളിൽ അവയുടെ തോത് ഏറിയും കുറഞ്ഞുമിരിക്കും. അവയെല്ലാം ജൈവിക പ്രതിഭാസമാണ്. നമുക്ക് നിയന്ത്രിക്കാൻ കഴിയാത്തത്.
എന്നാൽ, രക്ഷിതാക്കൾക്ക് ഇടപെടാൻ സാധിക്കുന്ന പലവിധ കൈമാറ്റ പ്രക്രിയകളും കുടുംബ ജീവിതത്തിൽ കഴിഞ്ഞുപോകുന്നുണ്ട്. സ്വഭാവ മഹിമ, പെരുമാറ്റ രീതി, അച്ചടക്കം, ജീവിത ശൈലി, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയവ ഉദാഹരണം. ഇവ കുട്ടികളിലേക്ക് നിർബന്ധമായും കൈമാറ്റം ചെയ്യപ്പെടണം.
അതിനു വേണ്ടത്, മാതാപിതാക്കളുടെ നല്ല സ്വഭാവങ്ങൾ കുട്ടികൾ കണ്ടുവളരണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അത്തരം സ്വഭാവങ്ങൾ മാത്രമേ കുട്ടികൾ കാണാവൂ. ദുശ്ശീലങ്ങൾ നമുക്ക് മറക്കാം. ഏറ്റവും ചുരുങ്ങിയത് മക്കളുടെ മുമ്പെങ്കിലും നമുക്കവ മറച്ചുപിടിക്കാം.
No comments:
Post a Comment