പത്തു വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യൻ അവിടെ അകപ്പെട്ടു എന്ന് വിചാരിക്കുക. അവൻ്റെ ഭാവി എങ്ങനെയാവുമെന്ന് ഊഹിക്കാമോ? എത്ര ദിവസം അവനവിടെ അതിജീവിക്കും? കൂരാകൂരിരുട്ടിൽ, വന്യമൃഗങ്ങളുടെ കൂർത്ത നഖങ്ങളിൽ തടയാതെ, വൻമരപ്പൊത്തുകളിൽ പാത്തു കിടക്കുന്ന പാമ്പുകളുടെ വിശപ്പല്ലുകളിൽ പെടാതെ എത്ര അടി മുന്നോട്ട് വെക്കും?
എങ്കിൽ, ശ്വാസമടക്കിപ്പിടിച്ച് മാത്രം ഇനി വായിക്കുക: 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിന്‍, നാലു വയസ്സുള്ള ടിന്‍ നൊറില്‍, ഒമ്പതുകാരൻ സോളേമി, പതിമൂന്നുകാരന്‍ ലെസ്സി എന്നിവർ ഒരു അപകടവും നേരിടാതെ ആമസോൺ മഴക്കാടുകളിൽ നാല്പതു നാൾ കഴിച്ചു കൂട്ടി ജീവിതത്തിലേക്ക് തിരികെ വന്ന അൽഭുത വാർത്തയാണ് പോയ വാരം ലോകം ചർച്ച ചെയ്തത്. ആമസോൺ മഴക്കാടുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അവയുടെ ചെറിയൊരു വിശേഷണം മാത്രമാണ് മേൽ കൊടുത്തിട്ടുള്ളത്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ വനമാർഗയാത്ര ഒഴിവാക്കി, ചെറുവിമാനത്തിൽ അരാരക്കുരയില്‍ നിന്ന് സാന്‍ ജോസിലേക്ക് യാത്ര തിരിച്ചതായിരുന്നു ഹ്യുട്ടോട്ടോയ് ഗോത്ര വിഭാഗത്തിൽ പെട്ട കൊച്ചു സംഘം. യാത്രക്കിടെ ആമസോൺ മഴക്കാടുകളിൽ വിമാനം തകർന്ന് വീണു. മാതാവും പൈലറ്റും മരിച്ചു. കുട്ടികളെ കുറിച്ചൊരു വിവരവും ഇല്ല. അവർ ജീവിച്ചിരിക്കുന്നുവോ. എങ്കിൽ എവിടെ? അതോ...
ഇത്രയും വലിയ കാട്ടിൽ നാലു കൊച്ചു കുട്ടികൾ ഒരു ദിവസം പോലും പിടിച്ച് നിൽക്കില്ല എന്ന് ലോകം വിധിയെഴുതി. എന്തെങ്കിലും വിവരം ലഭിക്കാൻ കൊളംബിയന്‍ സൈന്യവും നാവികസേനയും ഗോത്രവിഭാഗക്കാരായ 200 പേരും ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് നായകളും രംഗത്തിറങ്ങി. ഹെലിക്കോപ്റ്ററുകൾ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു.
ഒടുവിൽ, രക്ഷാപ്രവർത്തകർ കുട്ടികളുടെ കാൽപാടുകൾ കണ്ടു. മരക്കൊമ്പുകൾ ചേർത്തുണ്ടാക്കിയ ചെറിയൊരു കൂടാരവും. ദുർഘടസാഹചര്യങ്ങളോട് പടപൊരുതുന്നതിനിടയിൽ അവരുടെ കുഞ്ഞുശരീരങ്ങൾ പോറലേറ്റിരുന്നു. നടന്നു നടന്നു ക്ഷീണിച്ച കാലുകളിൽ അവർ തുണി കെട്ടിവച്ചിരുന്നു. അങ്ങനെ ലോക ജനതയുടെ വിധിതീർപ്പുകൾ മാറ്റിയെഴുതി, വിമാനം കയറിയ അവർ ഒടുവിൽ വനമിറങ്ങി വന്നു. അതും നാല്പുതുനാളുകൾക്കു ശേഷം!
പോയവാരത്തിലെ വാർത്ത കേൾക്കുമ്പോൾ, കിഡ്സ് മാഗസിൻ വായനക്കാരായ മാന്യ രക്ഷിതാക്കളോട് പറയാനുള്ളത് ആ കുട്ടികളുടെ മുത്തശ്ശിയുടെ വാക്കുകളിൽ നിഴലിക്കുന്ന ഒരു രക്ഷിതാവിൻ്റെ മുൻകരുതലുകളെ കുറിച്ചും ഇച്ഛാശക്തിയെ കുറിച്ചുമാണ്. കുട്ടികളെ കാണാതെ ലോകം മുഴുവൻ ആമസോൺ മഴക്കാടുകളിൽ തെരെച്ചിൽ നടത്തുമ്പോൾ, വാർത്താമാധ്യമങ്ങളോട് അവരുടെ മുത്തശ്ശി പറഞ്ഞു: വേട്ടയാടാനും മീന്‍പിടിക്കാനും ചെറുപ്പത്തിലേ പരിശീലനം നേടിയവരാണ് ഞങ്ങളുടെ കുട്ടികള്‍. കാടിനുള്ളില്‍ എങ്ങനെ അതിജീവിക്കണമെന്ന് അവര്‍ക്ക് അറിയാം.. ഏതു പ്രതിസന്ധിയും അതിജീവിച്ച് അവർ ജീവിതത്തിലേക്ക് കരകയറിവരിക തന്നെ ചെയ്യും.
നമ്മുടെ കുട്ടികൾക്ക് സ്കൂൾ - മദ്രസ പാഠപുസ്തകങ്ങൾ മാത്രമല്ല ജീവിത വിജയം നൽകുന്നത്. കാടുകളിലും കായലുകളിലും മലകളിലും മരങ്ങളിലും എന്നല്ല, പ്രകൃതി നിറയെ അവർക്ക് പാഠങ്ങളുണ്ട്. ചെറുപ്പത്തിൽ തന്നെ അവരത് പഠിച്ചെടുക്കട്ടെ. ധൈര്യമുള്ള വാക്കുകൾ നൽകുന്ന നല്ല രക്ഷിതാക്കളാവാം നമുക്ക്.
No comments:
Post a Comment