വെരിഗുഡ് ആയാൽ ഒന്നാമനായി എന്നാണ് നമ്മുടെയൊക്കെ മിഥ്യാധാരണ. നാൽപ്പതും അതിലധികവും കുട്ടികളെ പരിശോധിക്കുന്നതിനിടയിൽ ആരൊക്കെയാണ് പ്രോജക്ട് സ്വയം ചെയ്തതെന്ന് ശരിയിടുന്ന അധ്യാപകന് കണ്ടുപിടിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ, സർട്ടിഫിക്കറ്റുകൾ നോക്കി മാത്രം ഒരു കുട്ടിയെ അളക്കുന്നത് നിരർത്ഥകമാണ്.
കുട്ടിയുടെ മാനം കാക്കാൻ വേണ്ടി ചെയ്യുന്ന ഈ സഹായം അവനെ രക്ഷിക്കുന്നിലെന്ന് മാത്രമല്ല, മറിച്ച് പരാജയത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. സ്വയം വളരാനുള്ള അവൻ്റെ സ്വാഭാവികമായ ശേഷിയെ തല്ലിക്കെടുത്തുകയാണത്. മുളയിലേ നുള്ളി കളഞ്ഞ ഇല പിന്നെ എങ്ങനെ തളിരിടാനാണ്?
കോവിഡിനെതിരെ വാക്സിൻ എടുത്തവരാണല്ലോ നാം. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. രോഗങ്ങൾ വന്നാൽ അവ കണ്ടുപിടിച്ച് പ്രതിരോധം തീർത്ത് സംരക്ഷണമൊരുക്കുന്ന ആൻ്റിബോഡികൾ നമ്മുടെ ശരീരത്തിലുണ്ട്. എന്നാൽ, ആൻ്റിബോഡികൾക്ക് തിരിച്ചറിയാൻ കഴിയുന്നതിന് മുമ്പേ മാരകമാവുന്ന ചില രോഗങ്ങളുണ്ട്. അത്തരം രോഗങ്ങൾക്ക് നാം ആദ്യമേ വാക്സിൻ എടുത്ത് വെക്കുന്നു. ആ രോഗങ്ങളുടെ ദുർബലമായ അണുക്കൾ ആദ്യമേ ശരീരത്തിൽ സന്നിവേശിപ്പിച്ച്, ആൻ്റിബോഡികളെ പ്രവർത്തന സജ്ജമാക്കുന്നു. പിന്നീട് പ്രസ്തുത രോഗം വന്നാൽ ശരീരം അത് തിരിച്ചറിയുകയും ഉടൻ അൻ്റിബോഡികൾ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
സത്യത്തിൽ ഹോംവർക്കുകൾ വാക്സിനുകളാണ്. എങ്ങനെ? നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോവേണ്ടതാണല്ലോ നമ്മുടെ ജീവിതം. മുൻമാതൃക ഇല്ലാത്തവയും കഠിനവുമായ ഘട്ടങ്ങളും വന്നേക്കാം. ചെറുപ്പത്തിലേ അവയുടെ ചെറിയ മാതൃകകൾ അനുഭവിച്ചവർക്ക് അവ തരണം ചെയ്യാൻ വളരെ പെട്ടെന്ന് സാധിക്കും. ഹോംവർക്കുകളും ക്ലാസ് ടെസ്റ്റുകളും നമ്മുടെ മക്കൾക്ക് സമ്മാനിക്കുന്നതും ഇത് തന്നെയാണ്.
ഹോംവർക്കുകളുടെ അടിസ്ഥാന ലക്ഷ്യം എന്താണ്? ശരിയായ ഉത്തരവുമായി കുട്ടി ക്ലാസ്സിൽ എത്തുക എന്നതാണോ? ഒരിക്കലുമല്ല. മറിച്ച്, നൽകപ്പെട്ട പ്രശ്നം പരിഹരിക്കാൻ കുട്ടി എന്തെല്ലാം മാർഗങ്ങൾ സ്വയം കണ്ടെത്തും എന്ന് പരീക്ഷിക്കലാണ്. പ്രശ്നങ്ങളിലൂടെ അവനെ കടത്തി വിട്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ അവനെ സ്വയം പര്യാപ്തമാക്കലാണ്.
നിങ്ങൾ ആ പ്രോജക്ട് ചെയ്ത് കൊടുത്തില്ലെങ്കിൽ എന്തു സംഭവിക്കും? ഒരു പക്ഷേ, ഒന്നോ രണ്ടോ ദിവസം അവൻ ഹോം വർക്ക് ചെയ്യാതെ പോവും. പിന്നീട് സ്വയം ചെയ്യാൻ നിർബന്ധിതനാവും. ആദ്യമൊക്കെ പിശകുകൾ സംഭവിക്കും. പിന്നീട് അവനു തെറ്റുകൾ ബോധ്യപ്പെടും. ശേഷം, അവ തിരുത്താൻ ശ്രമിക്കും. അങ്ങനെ സ്വയം കടഞ്ഞെടുത്ത് അവനൊരു മാണിക്യരത്നമാവും. അപ്പോഴാണ് അവൻ സ്വയം പ്രകാശിച്ചു തുടങ്ങുക.
No comments:
Post a Comment