അടുത്തിടെ വന്ന തൊഴിലാളി മുറിച്ചെടുക്കുന്ന മരങ്ങളുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവരുന്നത് കണ്ടപ്പോൾ പഴയ തൊഴിലാളിക്ക് ആശ്ചര്യമായി. താനാണെങ്കിൽ, പകലന്തിയോളം വിശ്രമമില്ലാതെ പണിയെടുക്കുന്നു. അയാൾ ഇടക്കിടെ വിശ്രമിക്കുന്നു. എന്നിട്ടും വൈകുന്നേരം കൂടുതൽ സമ്പാദ്യം അയാൾക്കു തന്നെ. കാര്യം തിരക്കിയപ്പോൾ പുതിയ തൊഴിലാളി പറഞ്ഞത്രേ: വിശ്രമിക്കുന്ന നേരത്ത് ഞാൻ രണ്ടു കാര്യങ്ങൾ ചെയ്യുന്നു. ക്ഷീണം മാറ്റുന്നു. മഴുവിന് മൂർച്ച കൂട്ടുന്നു.
നിരന്തരമായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ചൂടിൽ നിന്നും ഒരല്പം മാറി പുതിയ കാറ്റുകൊണ്ട് മനസ്സും ശരീരവും തണുപ്പിച്ചെടുക്കാം എന്ന ധാരണയിലാണ് ഈ വർഷത്തെ ദാറുൽ ഹികം പഠനയാത്ര കൊടൈക്കനാൽ മട്ടുപ്പാവിലെ തണുത്ത മഞ്ഞുമലകളിലേക്കാക്കിയത്. നവംബർ 22 ബുധൻ രാത്രി 8.30 ന് ദാറുൽ ഹികമിന്റെ അക്ഷരമുറ്റത്ത് വന്ന് ബസ് ബ്രേക്ക് ചവിട്ടിയപ്പോൾ പുറത്ത് അതിശക്തമായ മഴ കോരിച്ചൊരിയുന്നുണ്ടായിരുന്നു. ആ കൂരിരുട്ടിൽ നിറശോഭയോടെ വർണാഭമായി ഐഡിയൽ പേടകം അണിഞ്ഞൊരുങ്ങി നിന്നു.
9 മണിയോടെ യാത്ര തുടക്കം കുറിച്ചു. 51 വിദ്യാർത്ഥികളും 5 അധ്യാപകരും. പാലക്കാട്-പൊള്ളാച്ചി വഴി നീല വര കാണിച്ചു തന്ന ഗൂഗ്ൾ മാപ്പ് 6.30 മണിക്കൂറാണ് പ്രവചിച്ചതെങ്കിലും ഡ്രൈവറുടെ കണക്കിലത് ഒരു രാവ് മുഴുവനായിരുന്നു. വഴിയിൽ മഞ്ഞക്കുളം സിയാറത്തിന് വേണ്ടിയിറങ്ങി. തങ്ങളുസ്താദിന്റെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായ പ്രാർത്ഥന. വീണ്ടും വാഹനത്തിലേക്ക്. വാഹനത്തിലെത്തുന്ന തലകളെണ്ണി തിട്ടപ്പെടുത്താൻ മുതിർന്ന കുട്ടികൾ മുന്നിൽ നിന്നു.
രാവേറെ ചെന്നിരിക്കുന്നു. സുദീർഘമായ യാത്ര തുടരുകയാണ്. ബസിനകത്തെ വർണവെളിച്ചപ്പൊട്ടുകൾ ആനന്ദനൃത്തമാടി. തെരുവുവിളക്കുകളിൽ നിന്ന് വഴിവെളിച്ചം ഇടക്കിടെ ഒഴുകിവന്നു. പുറത്ത് ചാറ്റൽ മഴ. ജനൽ പാളികൾ തെന്നിനീങ്ങിയ വഴിനോക്കി ഈർപ്പൻ കാറ്റ് അകത്തു കടന്നു. കൊടൈക്കനാലിലെത്തി കോടമഞ്ഞുകളിൽ ഓളം തെന്നാൻ അവക്കും കൊതിയായിട്ടുണ്ടാവണം. കുളിർത്തു കിടക്കുന്ന വദനങ്ങളിൽ ഓമനമുത്തമിട്ട് അന്തേവാസികളെ ഇരുത്തിയുറക്കാൻ അവനൊരു പാഴ്ശ്രമം നടത്തി. എന്നാൽ, റോട്ടിലെ വളവും തിരിവും കുണ്ടും കുഴിയും ആ ശ്രമം തടഞ്ഞു.
രാവേറുന്നു. ടാറിട്ട നിരത്തിൽ വാഹനങ്ങളുടെ എണ്ണം അല്പാല്പമായി കുറയുന്നു. അകത്ത് നിദ്രാർദ്ര നയനങ്ങൾ ഇടക്കിടെ ഇമവെട്ടിത്തുടങ്ങി. ആദ്യമേ കരുതിയ ബെഡുകൾ ഫൂട്ട്പാത്തിലിറങ്ങി. വിശാലമായ നീണ്ടുറക്കം പൂതിവച്ചവർ അവകളിൽ സ്ഥാനം പിടിച്ചു. മെല്ലെ പാട്ടും ബഹളവും കുറഞ്ഞുവന്നു. കൂടെ വെളിച്ചവും ഓരോന്നായി അണഞ്ഞുതുടങ്ങി. താലോലം കുഞ്ഞിപ്പാട്ടുകൾ മരത്തടി പോലെ വിണുകിടക്കുന്ന മല്ലന്മാരെ പോലും കീഴ്പ്പെടുത്തി. മല പോലെ കയറിവന്നവർ എലിയെ പോലെ ചുരുണ്ടുറങ്ങി.
ബസ് കൂകിപ്പായുകയാണെന്ന് പറയണമെന്നുണ്ടെങ്കിലും ഡ്രൈവർ അതിന് സമ്മതിക്കുന്നില്ല. മെല്ലെ അരിച്ചരിച്ചാണ് പോക്ക്. അകലെ നിന്ന് ഇഴഞ്ഞുവന്ന ചെറുവാഹനങ്ങൾ പോലും ഞങ്ങളെ പിന്നിലാക്കി കടന്നുപോയി. അകത്തുള്ളവരുടെ ഉറക്കം തൊട്ടുണർത്തണ്ട എന്ന് കരുതിയിട്ടാവണം ഡ്രൈവർ ഹമ്പുകളൊക്കെ വളരെ വളരെ സാവധാനം കയറ്റിയിറക്കി. വേണമെങ്കിൽ ഒരു യുഗം നീളുന്ന സ്വപ്നം പോലും അതിനിടയിൽ കണ്ടു തീർക്കാം. ഞാൻ മുൻ സീറ്റിലാണിരിക്കുന്നത്. തിരിഞ്ഞ് നോക്കുമ്പോൾ ഒരു ബെഡ്റൂം ഒന്നാകെ ചലിക്കുന്ന പോലെയുണ്ട്. കണ്ണും കാതും തളർന്ന് പോയ ഏതോ ഒരു ദുർബല നിമിഷത്തിൽ മോഹാലസ്യമായൊരു മയക്കത്തിലേക്ക് ഞാനങ്ങനെ തെന്നിവീണു.
പൂവൻ കോഴിക്ക് പകരം നേരം പുലർന്നതറിയിച്ചത് മൊബൈൽ ഫോണിലെ അലാരമായിരുന്നു. പുറത്തേക്ക് എത്തിനോക്കി. ചെങ്കുത്തായി കയറിപ്പോകുന്ന കുന്നിൻ ചെരുവുകളിലൂടെ ആരോ വെട്ടിത്തെളിയിച്ച ദുർഘട പാത ടോർച്ചടിച്ചു നോക്കി ബസ് ഇഴഞ്ഞു കയറുകയാണ്. ഏഴായിരം അടി താഴ്ച്ചയിൽ ചന്ദ്രശോഭയേറ്റു കിടക്കുന്ന കൊക്കകളും ഗർത്തങ്ങളും ഇടതുവലതു മാറി ദൃശ്യവിസ്മയം ഒരുക്കിക്കൊണ്ടിരുന്നു. തൂവെള്ളമഞ്ഞുപാളികൾ അവിടെയൊരു സാമ്രാജ്യം തന്നെ വെട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു. ദൃശ്യവിസ്മയം ഇടക്കിടെ ഭയാനകരമായി മാറി. മെലിഞ്ഞവളവുകളിൽ കൂർത്ത കരങ്ങൾ നീട്ടിവച്ച് ആ ഭീകരമായ സ്വത്വം ഞങ്ങളെ ഭയപ്പെടുത്തി വലിച്ചെടുക്കാൻ നോക്കി.
ഇപ്പോൾ സുബ്ഹ് ബാങ്ക് കൊടുത്തുകാണും. നിസ്കരിക്കാൻ നേരമായി. പള്ളി എവിടെയാണെന്ന് ഡ്രൈവറോട് ചോദിച്ചു. ഇനിയും കുറേ പോവണമെന്ന് അദ്ദേഹം. വയറിനടിയിൽ നിന്നും ഒരു ഞെരുക്കം നേർരേഖയായി ബസിനൊപ്പം മുകളിലോട്ട് പാഞ്ഞുകയറി. സുബ്ഹി കിട്ടില്ലേ അല്ലാഹ്.. “റോഡ് തീരെ വീതിയില്ല. എതിർ വശത്തു നിന്ന് വേറെ വാഹനം വന്നാൽ പിന്നെയും ദുഷ്കരമാണ്.” ഡ്രൈവർ പറഞ്ഞതു കേട്ടപ്പോൾ വീതികൂടിയൊരു ഞെരുക്കം വീണ്ടും നേർരേഖയായി ഉയർന്നുപൊങ്ങി. പുറം കാഴ്ചകൾ നിറം മങ്ങിത്തുടങ്ങി. ആ ഗർത്തങ്ങളിലെ മുഴുവൻ മഞ്ഞുമലകളും കണ്ണുകൾക്കു മുമ്പിൽ വന്ന് അടഞ്ഞതു പോലെ. യാ റബ്ബ്.. സുബ്ഹി.
വളവു തിരിഞ്ഞ് ബസ് സൈഡാക്കി ഡ്രൈവർ വറഞ്ഞു: പള്ളിയെത്തി. മലയോളം കയറിവന്ന ഞെരുക്കം മലമുകളിൽ ആശ്വാസത്തിന്റെ നിശ്വാസകണികകളായി ഇറങ്ങിപ്പോയി.
No comments:
Post a Comment