5 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ അസാധാരണ കഴിവുകളെ തിരിച്ചറിഞ്ഞ് അവർക്കു വേണ്ട പ്രോത്സാഹനങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഒരു സർക്കാർ സംരംഭമാണ് പ്രധാനമന്ത്രി ദേശീയ ബാല പുരസ്‌കാരങ്ങൾ. ഈ വർഷത്തെ പുരസ്കാര ലിസ്റ്റ് ജനുവരി 22 ന് പുറത്തുവന്നു. ഡല്‍ഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ചു.
ചത്തീസ്ഗഡിൽ നിന്നുള്ള അർമാൻ ഉഭർനിയാണ് ലിസ്റ്റിലെ ശ്രദ്ധാകേന്ദ്രം. ഗണിത-ശാസ്ത്രങ്ങളിലുള്ള പ്രതിഭാധനത്വം പരിഗണിച്ചാണ് രാജ്യം അവനെ ആദരിച്ചത്.
ആദ്യം അവൻ്റെ വയസ്സ് അറിയാം. പുരസ്കാരം എന്ന വാക്ക് പോലും കേൾക്കാനിടയില്ലാത്ത വെറും ആറു വയസ്സുകാരൻ! ചെറുപ്പം മുതലേ അക്കങ്ങളെ പ്രണയിച്ചവൻ. അക്കങ്ങളെയും അൽഗോരിതങ്ങളെയും കളിപ്പാവകളാക്കി മാറ്റിയവൻ.
കുഞ്ഞുനാളിൽ തന്നെ അക്കങ്ങൾ ജീവൻ വച്ച് അവൻ്റെ മുന്നിൽ നിറഞ്ഞാടി. 12 മിനുട്ട് 28 സെക്കൻ്റ് മാത്രം നീണ്ട ഒരേയൊരു ഇരുത്തത്തിൽ അവൻ കെട്ടഴിച്ചത് വ്യത്യസ്തമായ നൂറ് ഗുണനങ്ങളുടെ സമസ്യകൾ. അത് റെക്കോർഡായി മാറി. അപ്പോഴവൻ, തൻ്റെ അഞ്ചാം പിറന്നാളിൻ്റെ മധുരം നുണഞ്ഞ് ഒരു മാസം പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ. ഗണിതത്തിലെ അസാമാന്യ കഴിവ് മൂലം സ്വന്തം നാട് അവനെ വിളിച്ചു: "ചത്തീസ്ഗഡിലെ ഗൂഗ്ൾ ബോയ്".
ദ പിങ്ക് ഡോൾഫിൻസ്, പ്ലാനറ്ററി വേൾഡ് ആൻ്റ് മൈ കോൺണ്ടിനൻ്റ് ഏഷ്യ, ലെറ്റസ് എക്സ്പ്ലോർ സീരീസ് എന്നീ പുസ്തകങ്ങളും അവൻ രചിച്ചു. സീരീസ് പുസ്തകം എഴുതുന്ന ഏറ്റവും പ്രായം കുറഞ്ഞവൻ എന്ന ഖ്യാതിയും അങ്ങനെയവൻ തൻ്റെ പേരിൽ എഴുതിച്ചേർത്തു.
ഈ പുരസ്കാരത്തിലൂടെ യഥാർത്ഥത്തിൽ അർമാൻ ഗുണപാഠം നൽകുന്നത് നമ്മൾ മാതാപിതാക്കൾക്കാണ്. പുരസ്കാരങ്ങൾക്ക് പ്രായം ഒരു വിഷയമേ അല്ലെന്ന പാഠം. വേണ്ടപോലെ മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളർത്തിയാൽ അക്കങ്ങളും അക്ഷരങ്ങളുമെടുത്ത് അവർ കളിക്കാൻ തുടങ്ങും എന്ന വലിയ പാഠം.
No comments:
Post a Comment