ദാറുൽ ഇർഫാനിലെ ആദ്യരാത്രി

അത്താഴം കഴിച്ചു. ദാറുൽഹുദായിലെ പഠനകാലം ഓർമിപ്പിച്ചു കൊണ്ട് ഉറങ്ങാനുള്ള ബെൽ മുഴങ്ങി. ണീം.. ണീം.. ഇനി ഉറക്കം. എൻ്റെ ആദ്യ ദിനമായതുകൊണ്ട് കുട്ടികൾ ഉറങ്ങിയോയെന്ന് നോക്കാൻ പോയില്ല. നേരെ റൂമിലേക്ക് നടന്നു. കോളേജിൻ്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഡൈനിംഗ്ഹാൾ ബിൽഡിംഗിനു മുകളിലാണ് എനിക്ക് സൌകര്യം ചെയ്ത റൂം. അതിൽ ഞാൻ മാത്രമേയുള്ളൂ. ബിൽഡിംഗിലെ മൂന്നാം നിലയിലാണ് എൻ്റെ കൊട്ടാരം. ആദ്യകാലത്ത് അവിടെ കുട്ടികളുടെ ഹോസ്റ്റൽ സൌകര്യമായിരുന്നു എന്ന് തോന്നുന്നു. കാലക്രമേണ അധ്യാപകർ വർദ്ധിച്ചപ്പോൾ, അതിലൊരു വശത്ത് പ്ലൈവുഡ് പോലെയുള്ള ഒരു മെറ്റീരിയൽ ഉപയോഗിച്ച് പാർട്ടീഷൻ ചെയ്ത് പ്രത്യേക റൂമുകൾ സജ്ജീകരിച്ചതാണ്. പണ്ട്, ഫലസ്ഥീൻ കൈയേറിയ ജൂതന്മാരില്ലേ.. അവരെ പോലെ.


ബിൽഡിംഗിൻ്റെ വലതുവശത്ത് പുതുതായി നിർമ്മിച്ച ഇരുമ്പ് ഗോവണിയിലൂടെയാണ് എൻട്രൻസ്. കോണിപ്പടി കയറിയാൽ ആദ്യം വിദ്യാർഥികളുടെ ഹോസ്റ്റൽ കവാടമെത്തും. അതു കഴിഞ്ഞാൽ പിന്നെ അധ്യാപകരുടെ റൂമുകളിലേക്കുള്ള വരാന്തയാണ്. ഒരാൾക്കുമാത്രം നടക്കാൻ പാകത്തിൽ ഇരുമ്പുപിടികൾ അതിർത്തി വരച്ചിരിക്കുന്നു. 


വരാന്തയിൽ നിന്നാൽ മനോഹരമായി പടർന്ന് പച്ചപുതച്ചു നിൽക്കുന്ന തെങ്ങിൻതോട്ടം കാണാം. വാഴകളും തേക്കുകളും കമുങ്ങുകളും അതിനിടയിൽ ഉയർന്ന് നിൽക്കുന്നു. വശ്യമനോഹരമായ പ്രകൃതിയുടെ ദൃശ്യവിരുന്നാണ് റൂമിൻ്റെ ഹൈലൈറ്റ്. ചീകിയൊതുക്കി നിർത്തിയ തെങ്ങോലകൾ നിങ്ങൾ കണ്ടിട്ടുണ്ടോ.. അതുകാണണമെങ്കിൽ പത്തുനാല്പതു തെങ്ങുകൾ ഒരുമിച്ച് മുകളിൽ നിന്ന് കാണണം.. അതിനിടയിൽ മൂപ്പെത്തിനിൽക്കുന്ന തേങ്ങാകുലകൾ. അവയെ തൊട്ടുതലോടിയുരുമ്മി വിടർന്ന് നിൽക്കുന്ന പൂക്കുലകൾ. ഇളംകാറ്റിൻ്റെ മോഹനമായാജാലക്കഥകൾ കേട്ട് പരാഗണം നടന്നപ്പോൾ മൊട്ടിട്ടു വിരിഞ്ഞ വിത്തുകൾ. അച്ചിങ്ങ നെച്ചിങ്ങ മൊച്ചിങ്ങകളുടെ മിനുസമാർന്ന സുന്ദരവദനങ്ങൾ. അതിനിടയിൽ തൂങ്ങിയാടുന്ന കൂമ്പുകൾ. 


തേക്കുകൾക്കുമുണ്ട് കെട്ടോ, തെങ്ങുകളുടേത് പോലെയൊരു പൂക്കുല. സൂക്ഷിച്ചു നോക്കിയാൽ അത് മറ്റൊരു തേക്കാണെന്ന് തോന്നിപ്പോകും. മൊട്ടുകളുമുണ്ട് അവക്ക്. വാഴകളും പേരറിയാത്ത മറ്റു വൃക്ഷങ്ങളുമായി എൻ്റെ കിളിവാതിൽദൃശ്യം അതിമനോഹരമാണ്. അവയുടെയൊക്കെയപ്പുറം മലനിരകൾ കാണാം. മലയുടെ പേരറിയില്ല. പശ്ചിമഘട്ടമല്ല. കാരണം, അത് കേരളത്തിൻ്റെ കിഴക്കുഭാഗത്തല്ലേ. ഇത് പടിഞ്ഞാറു ഭാഗത്താണ്. ഏതായാലും വളരെ ചന്തമുണ്ട്. 


പുറത്ത്, നിത്യഹരിതതളിരിലകൾ. അവ കഴിഞ്ഞാൽ നീലിച്ച് നിൽക്കുന്ന മനലിരകൾ.. മലകൾക്ക് നീല നിറം കിട്ടിയത് എന്തു കൊണ്ടാണ്? അറിയില്ല. അവക്കൊക്കെ മേൽക്കൂരയൊരുക്കി മേലെ നീലാകാശം. അതിലങ്ങിങ്ങ് ഒഴുകി നടക്കുന്ന വെള്ളിമേഘങ്ങൾ. അവ പെയ്യാനുള്ളതല്ല. വാനത്തെ ചിത്രപ്പണിക്കുള്ള നിറക്കൂട്ടുകളാണവ. നീലവെള്ളിനിലാവുകൾക്ക് വിവിധ വർണ്ണങ്ങളും രൂപങ്ങളും നൽകാൻ കാറ്റുകളവയെ ഏറ്റി നടക്കുന്നു.


ഈ തോട്ടം കഴിഞ്ഞാലൊരു പുഴയുണ്ട്. കടലുണ്ടിപ്പുഴയുടെ വള്ളുവങ്ങാട്ടെ ഉടൽഭാഗം. ഈ ഭാഗത്തിന് വേറെ പേരുമുണ്ടായിരിക്കാം. അറിയില്ല. വേനൽ കാലത്ത് കിണറുകളിൽ വെള്ളം ലഭിക്കാൻ വേണ്ടി തടയിണ കെട്ടിയിട്ടുണ്ട്. അതു കാരണം ഒരാളാഴത്തിൽ പുഴ നിറഞ്ഞ് നിൽക്കുന്നു. കടവല്ലാത്തതിനാൽ നേരെ ഇറങ്ങാൻ കഴിയില്ല. ഡ്രസ്സ് മാറ്റി ചാടണം. മഴയും ഒഴുക്കുമില്ലാത്തതിനാൽ, കെട്ടിക്കിടന്ന് വെള്ളം കലങ്ങിയിട്ടുണ്ട്. കരയിൽ, പുഴയിലേക്ക് ചാടാൻ നിൽക്കുന്ന ഒരു മരക്കൊമ്പത്ത് ഊഞ്ഞാൽ കെട്ടിത്തൂക്കിയിട്ടുണ്ട് ഇവിടത്തെ അധ്യാപകർ. അതിൽ കയറി ആടിയാടി ചാടാനാണത്രേ അത്. 


പടിഞ്ഞാറെ കിളിവാതിൽ തുറന്നാൽ അകത്തേക്ക് ഇളം കാറ്റ് തഴുകിയെത്തും. പ്രകൃതിയുടെ ഫുൾ ക്യാൻവാസ് പോർട്ട്രൈറ്റ് ചിത്രം സമ്മാനിക്കുന്നുണ്ട് ഇടമുറിക്കമ്പികളില്ലാത്ത ജനാല. അതിനു മുകളിൽ അരയാൾ ഉയരത്തിൽ ഇരുമ്പ് നെറ്റ്. റൂമിൻ്റെ പ്രൈവസി നഷ്ടപ്പെടുത്താതെ വായുവെളിച്ചത്തിൻ്റെ ഗമനാഗമനം തടസ്സപ്പെടുത്താതെ ഒരു ഗംഭീര സെറ്റപ്പ്. അതു കഴിഞ്ഞാൽ പിന്നെ, തണലും തണുപ്പുമേകുന്ന ഒടിട്ട മേൽക്കൂര. ഇരുമ്പുകമ്പികളിൽ മുറുകെ പിടിച്ചിരിക്കുന്ന നല്ല ഒന്നാന്തരം കളിമണ്ണോടുകൾ. ലൈറ്റ്, ഫാൻ, ടേബ്ൾ, കട്ടിൽ, അലമാറ, തുടങ്ങി എല്ലാ സെറ്റപ്പുകളുമുണ്ട്. 


ആരിഫ ഇല്ലാത്ത രാത്രി. അവൾ വിരുന്ന് പോയിരിക്കുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ അവൾ പല തവണ വിരുന്ന് പോയിട്ടുണ്ട്. അന്നൊക്കെ ഞാൻ വീട്ടിൽ ഒറ്റക്ക് കിടന്നിട്ടുണ്ട്. മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും ഒറ്റക്ക് കിടന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു ടെൻഷൻ. രാവിലെ മുതലേ ഉണ്ടായിരുന്നു. രാവേറിയപ്പോൾ സങ്കടവും കൂടി. കുറെ നാളുകൾക്ക് ശേഷം കടന്നുവന്ന അലസമായ വിരസമായ ഒരു രാവ്. ഫോൺ നോക്കാൻ പോലും തോന്നുന്നില്ല. അവൾക്ക് ഫോൺ ചെയ്തു. രാവിലെ അലാറം വെച്ച് വിളിക്കണമെന്ന് ഓർമ്മിപ്പിച്ച് കിടന്നു. ഉറക്കസ്ഥലം മാറിയത് മനസ്സു മാത്രമല്ല, ശരീരവും അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. വലതും ഇടതും. അവസനമെപ്പോഴോ ഉറങ്ങിപ്പോയി. 


നട്ടപ്പാതിര നേരം. പേക്കിനാവ് പോലെ എന്തോ ഒരു അലർച്ച കേട്ട് ഞെട്ടിയുണർന്നു. മൊബൈലിൽ നോക്കി. നേരം ഒരു മണി കഴിഞ്ഞ് മുപ്പത് മിനുട്ട്. പുറത്ത് നിന്നാണ് ശബ്ദം കേൾക്കുന്നത്. ആരോ അലറുന്ന പോലെ. സ്ഥാപനത്തിലെ അധ്യാപക - വിദ്യാർത്ഥി സമൂഹമല്ലാതെ അടുത്തൊന്നും വേറെ മനുഷ്യവാസമില്ല. അവരാണെങ്കിൽ അലറാൻ വന്നവരുമല്ല. പിന്നെ, ഇതാര്? ഈ തെങ്ങിൻപിരടിയിൽ വല്ല പ്രേതവും?! ഇല്ല, തെങ്ങ് ചതിക്കില്ലൊരിക്കലും എന്ന് പണ്ട് ഒ. എൻ. വി എഴുതിയിട്ടുണ്ട്. പക്ഷേ, അത് ഇവറ്റകൾക്ക് അറിഞ്ഞിട്ടു വേണ്ടേ? പ്രേതങ്ങൾക്കിഷ്ടം ക്ഷേത്രപ്പറമ്പുകളിലെ ആൽമരങ്ങളാണ്. പടച്ചവനേ.. അടുത്തൊന്നും ആൽമരങ്ങളില്ലല്ലോ.. പിന്നെ, പുഴയിൽ നിന്നെങ്ങാനും വല്ല പ്രേതവും?!..


ദേ.. വീണ്ടും ആ അലർച്ച. അതു മനുഷ്യൻ്റേതല്ല, തീർച്ച!. ദയനീമായ ഘനീഭവിച്ചൊരു മുരടനക്കമല്ലേ അത്. തെങ്ങിൻപിരടിയിൽ നിന്ന് തന്നെയാണത് വരുന്നത്. ഈ അർദ്ധരാത്രി ആരാണവിടെ? ഇന്ന് നട്ടുച്ചക്കും അതേ ശബ്ദം കേട്ടിരുന്നു. സ്ഥാപന പ്രിൻസിപ്പൾ നാസർ ഉസ്താദ് വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. കാര്യഗൌരവമുള്ളതെന്തോ പറഞ്ഞപ്പോൾ അതിലേറ ഗൌരവത്തിൽ, പുറത്ത് നിന്നും ഇങ്ങനെയൊരു അലർച്ച കേട്ടു. വിദ്യാർഥികൾ ചിരിച്ചു. നാസർ ഉസ്താദിൻ്റെ ഗൌരവം സൌമ്യമായി. പിന്നീട് തമാശ വഴി ചിരിയിലേക്ക് കടന്നു. "ആ.. ഞാൻ പറഞ്ഞത് സത്യം തന്നെ".


ഓർമ വന്നപ്പോൾ സമാധാനമായി. മയിലിൻ്റെ അലർച്ചയാണത്. അതിൻ്റെ അർഥമൊന്നും എനിക്കറിയില്ല. എങ്കിലും, എന്തിനാണവ ഇങ്ങനെ അലറുന്നത്. അതും ഈ നട്ടപ്പാതിര നേരത്ത്. ഒന്ന് പോയി ഉറങ്ങിക്കൂടേ.. എന്നും കാലത്ത് പള്ളിമുകളിലെത്തി അവ മനോഹമായി നൃത്തം ചെയ്യാറുണ്ടത്രേ.. രാവിലെ എണീറ്റപ്പോൾ ഉസ്താദുമാർ പറഞ്ഞതാണത്. കുറേ നേരം ഡാൻസ് ചെയ്യും.


മയിലലർച്ച കഴിഞ്ഞപ്പോൾ വീണ്ടും ഉറങ്ങാൻ കിടന്നു. ഉറക്കം വന്നപ്പോൾ വീണ്ടും മയിൽ അലറി. ഉറക്കവും പോയി. അലറിക്കഴിഞ്ഞപ്പോൾ വീണ്ടുമുറങ്ങി. ഉറങ്ങിയപ്പോൾ വീണ്ടുമലറി. ഇതൊരു പതിവായി. ഒന്ന്, രണ്ട്.. ഏഴ് തവണ ഞാൻ എണ്ണി. മയിൽ പിന്നെയും അലറിയിട്ടുണ്ടാവണം. അവനറിയില്ലല്ലോ ഞാൻ പുതിയതാണെന്ന്. പക്ഷേ, ഉറക്കത്തിൻ്റെ തീക്ഷണത കൊണ്ടാവാം പിന്നെ ഞാൻ ഉണർന്നില്ല.

No comments:

Post a Comment