മാതാവിനൊരു ബിഗ് സല്യൂട്ട്
ജില്ലയിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദ്യ പത്ത് റാങ്കുകാർക്കുള്ള അനുമോദന സംഗമം. ആഘോഷത്തിമർപ്പിൽ കരഘോഷങ്ങളുയർത്തി ചീഫ് ഗസ്റ്റ് ആസനസ്ഥനായി. സ്ഥലത്തെ പ്രധാന പ്രമാണിയും ധനാഢ്യനുമായ മന്ത്രിപ്പുംഗവർ. ഔപചാരികതകൾക്കു ശേഷം അവാർഡുദാന ചടങ്ങ് തുടങ്ങി. ആദ്യം പത്താം റാങ്കുകാരൻ. സ്ഥലത്തെ പ്രധാന ഡോക്ടറുടെ മകളാണ്. മാതാപിതാക്കൾ മുന്നിൽ തന്നെയിരിക്കുന്നു. സദസ്സിൽ നിറഞ്ഞ കൈയ്യടി. സ്റ്റേജിലേക്ക് മെല്ലെ അവൾ കയറി വന്നു. വിശിഷ്ടാതിഥി സമ്മാനം കൈമാറി.
അടുത്തത് ഒമ്പത്, എട്ട്, ഏഴ്.. മൂന്ന്, രണ്ട്.. ഓരോ തവണയും കരഘോഷങ്ങൾ ഇരട്ടിച്ചു. എല്ലാവരും സമൂഹത്തിലെ അഭ്യസ്ത വിദ്യരുടെ മക്കൾ. ഡോക്ടർ, എഞ്ചിനീയർ, ധനാഢ്യൻ, രാഷ്ട്രീയക്കാരൻ.. അങ്ങനെയങ്ങനെ. സദസ്സ് ഉന്മാദാവസ്ഥയിലെത്തി.
അവസാനം ഒന്നാം റാങ്കുകാരൻ. ആയിരമിരട്ടി ഉച്ചത്തിൽ അവൻ്റെ പേര് മൈക്കിൽ മുഴങ്ങി. മൂന്നുനാല് ഓളങ്ങളായി ആ നാമം അന്തരീക്ഷത്തിൽ പ്രതിധ്വനി സൃഷ്ടിച്ചു. നിറഞ്ഞ കരഘോഷങ്ങളുടെ അകമ്പടിയോടെ അവൻ സേറ്റജിലെത്തി. ക്യാമറകളുടെ വെളിച്ചത്തിൽ അവൻ വെട്ടിത്തിളങ്ങി. വിശിഷ്ടാതിഥിയുടെ സമീപത്തെത്തി. ഹസ്തദാനം ചെയ്തു.
സദസ്സിനു പുറകിലേക്ക് നോക്കിയ അവൻ്റെ കണ്ണുകൾ സജലങ്ങളാവാൻ തുടങ്ങി. മൈക്കെടുത്ത് അവൻ പറഞ്ഞു: ബഹുമാനപ്പെട്ട സംഘാടകർ എന്നോട് ക്ഷമിക്കണം. ഈ അവാർഡ് വാങ്ങാൻ കൂടുതൽ യോഗ്യത എൻ്റെ മാതാവിനാണ്. ജോലിത്തിരക്കിലും രാത്രി ഏറെ നേരം എൻ്റെ കൂടെ ഉറക്കമൊഴിച്ചിരിക്കും. നിരന്തരം എന്നെ പ്രോത്സാഹിപ്പിക്കും.
സദസ്സിലെ അവസാന വരിയിൽ ഇരിക്കുന്ന മാതാവിനെ അവൻ നോക്കി. ദാരിദ്ര്യത്തിൻ്റെ ഉടയാടകളാണെങ്കിലും അലക്കിത്തേച്ചവ. കുലീനത കാണുന്നില്ലെങ്കിലും വൃത്തിയായി വസ്ത്രം ധരിച്ചിരിക്കുന്നു. പപ്പടത്തൊഴിലാളിയാണ്.
എനിക്ക് ഉറക്കം വരാതിരിക്കാൻ വേണ്ടി രാത്രി മുഴുവൻ എൻ്റെ കൂടെയിരുന്ന് പപ്പടം പരത്തും. രാവിലെ ഞാൻ സ്കൂളിൽ പോയാൽ അവ വിൽക്കാൻ നടക്കും. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. ദയവു ചെയ്ത് ഈ സമ്മാനം ഏറ്റുവാങ്ങാൻ എൻ്റെ മാതാവിനെ വിളിക്കണം.
ഇത്രയുമായപ്പോഴേക്കും അവൻ കരഞ്ഞു. സദസ്സ് കരഞ്ഞു. ആ മാതാവിൻ്റെ പേര് മൈക്കിൽ ഉയർന്നു. നിറയെ കരഘോഷങ്ങൾ. മാതാവ് സദസ്സിനു മുന്നിലെത്തി. ആഹ്ലാദത്തിമർപ്പിൽ നിറകണ്ണുകളോടെ, ജില്ലയിലെ ഒന്നാം റാങ്കുകാരനുള്ള അവാർഡ് ആ മാതാവ് ഏറ്റുവാങ്ങി.
പുതിയ അധ്യയന വർഷം തുടങ്ങുന്നു. മക്കൾക്ക് അഭിമാനിക്കാവുന്ന രക്ഷിതാക്കളാവാം നമുക്ക്.
No comments:
Post a Comment