2021 ഫെബ്രുവരിയിൽ നടന്ന എയർതിങ്സ് മാസ്റ്റേഴ്സ് റാപ്പിഡ് ഓൺലൈൻ ചെസ് ടൂർണമെൻ്റിൽ മാഗ്നസ് കാൾസനെ പൂട്ടിക്കെട്ടിയതോടെ പ്രജ്ഞാനന്ദ ലോകപ്രശസ്തനായി. ചെസ് ലോകത്തെ ഗ്രാൻ്റ് മാസ്റ്റർ പദവി നേടിയെടുക്കുമ്പോൾ പ്രജ്ഞക്ക് വെറും 12 വയസ്സാണ് പ്രായം. ലോക ചരിത്രത്തിൽ തന്നെ പ്രസ്തുത പട്ടം അണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമൻ കൂടിയാണ് അവൻ. 10 വയസ്സുള്ളപ്പോൾ യങ്ങസ്റ്റ് ഇൻ്റർനാഷണൽ മാസ്റ്റർ പട്ടം കൂടി തൻ്റെ പേരിനൊപ്പം അവൻ തുന്നിച്ചേർത്തു.
ആരാണ് പ്രജ്ഞാനന്ദ? 2005 ഓഗസ്റ്റ് 10 ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് പ്രജ്ഞാനന്ദ ജനിച്ചത്. പിതാവ് രമേഷ് ബാബു ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു, അമ്മ നാഗലക്ഷ്മി സാദാരണ കുടുംബത്തിലെ വീട്ടമ്മ. മൂത്ത സഹോദരി വൈശാലി. കുടുംബ ചരിത്രത്തിലോ ചിത്രത്തിലോ ഇല്ലാത്ത ചതുരംഗക്കള്ളികളിലേക്ക് മകൻ കണ്ണു നട്ടതിനു പിന്നിൽ ഈ മാതാപ്പിതാക്കളുടെ കഠിനാധ്വാനമുണ്ട്, പ്രത്യേകിച്ച് അമ്മയുടെ.
കുട്ടിക്കാലത്ത് മക്കൾ രണ്ടുപേരും ടി. വി ക്കു മുമ്പിൽ ചമ്രം പടഞ്ഞിരിക്കുന്നത് പതിവായപ്പോഴാണ്, അവരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രം ഇല്ലാത്ത കാശ് മുടക്കി ഒരു ചെസ് ബോർഡ് അവർ വാങ്ങുന്നത്. ടി. വിയുടെ കളർ സ്ക്രീനിൽ നിന്നും അവരുടെ നോട്ടം ബ്ലാക്ക് ആൻ്റ് വൈറ്റ് ചതുരംഗപ്പലകയിലേക്കായി. കാർട്ടൂൺഷോയിൽ നിന്നും ആനയും കുതിരയും പടക്കളത്തിലിറങ്ങി പോരാടി. ഒടുവിൽ കളി കാര്യമായി. തുടക്കത്തിൽ പടനീക്കത്തിൽ ഒരു പടി മുന്നിൽ നിന്നത് വൈശാലിയാണ്. പിന്നീട്, പടക്കുതിരകൾ പ്രജ്ഞയുടെ ആജ്ഞാനുവർത്തികളായി. അവൻ ലോകത്തോളം വളർന്നു. വുമൺ ഗ്രാൻഡ്മാസ്റ്ററും ഇന്റർനാഷണൽ മാസ്റ്ററുമായി വൈശാലിയും വളർന്നു.
ടെലിവിഷനു മുമ്പിൽ നിന്ന് മക്കളുടെ ശ്രദ്ധ ചതുരംഗപ്പലകയിലേക്ക് വഴിതിരിച്ചുവിട്ട ആ മാതാപ്പിതാക്കളെ ലോകം ആദരവോടെയാണ് നോക്കിക്കാണുന്നത്. ലോക മുൻ ചെസ് ചാമ്പ്യൻ റഷ്യയുടെ ഗാരി കാസ്പറോവ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ്: "മാതാവിൻ്റെ കരുത്തും കരുതലുമാണ് പ്രജ്ഞയുടെ വിജയക്കുതിപ്പിനു പിറകിലുള്ളത്. പ്രജ്ഞയെ പോലെ മാതാവും കയ്യടി അർഹിക്കുന്നു."
No comments:
Post a Comment