ബേക്കൽ കോട്ട

 ബേക്കൽ കോട്ട


എന്തെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ സുന്ദരമായ ഈ ലോകം! അല്ലേ?. ആരെല്ലാം ഇവിടെ കടന്നു പോയി! എന്തെല്ലാം സംഭവിച്ചു! നമ്മെ അമ്പരിപ്പിക്കുന്ന എത്രയെത്ര നിർമ്മിതകളാണ് അവരിവിടെ ബാക്കി വച്ചത്?! ഇവിടെ നടന്ന പോരാട്ടങ്ങൾക്ക്, പ്രകൃതി ദുരന്തങ്ങൾക്ക്, മാനവ വിസ്ഫോടനത്തിന്, കണ്ടുപിടുത്തങ്ങൾക്ക് എല്ലാം സഹസ്രാബ്ദങ്ങളായി മൂകസാക്ഷ്യം വഹിച്ച് അവ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. 


കുഞ്ഞുവായനക്കാർക്കായി കിഡ്സ് മാഗസിൻ പുതിയ പംക്തി തുടങ്ങുകയാണ് കെട്ടോ; പേര് മൂകസാക്ഷി. പൂർവ്വികന്മാർ നമുക്കായി ബാക്കിവച്ച പൈതൃകങ്ങൾ തേടിയുള്ളൊരു അക്ഷരയാത്ര. ഒപ്പമുണ്ടാവില്ലേ നിങ്ങൾ?


കേരളത്തിൻ്റെ ഭൂപടം കണ്ടിട്ടില്ലേ. പടിഞ്ഞാറു ഭാഗം അറബിക്കടലിനോട് മുട്ടിയുരുമ്മി കിന്നാരം പറയുന്നുണ്ട്, അല്ലേ? ആർക്കും എപ്പോഴും കടന്നു വരാവുന്ന വിധത്തിൽ തുറന്നിട്ടൊരു വലിയ കവാടമാണത്. വിദേശ രാജ്യങ്ങളിലുള്ളവർ നൂറ്റാണ്ടുകളായി അതിലൂടെയാണ് കേരളത്തിലേക്ക് വന്നത്. അവർ നമ്മുടെ ചങ്ങാതിമാരായി. 


എന്നാൽ, ശത്രുക്കൾ വന്നാലോ? പേടിയാവുന്നുണ്ടോ? ശത്രുക്കൾ വന്ന് നമ്മെ അക്രമിക്കാതിരിക്കാൻ നമ്മുടെ പൂർവ്വികർ ചെയ്തതെന്തെന്നോ. വിശാലമായൊരു കോട്ട നിർമ്മിച്ചു. കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ട. 


1600 കളിൽ നിർമ്മിക്കപ്പെട്ട ഇത്, കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. 40 ഏക്കർ (ഏകദേശം 16 ഫുട്ബോൾ മൈതാനങ്ങളുടെ അത്രയും വലുപ്പം) പരന്നുകിടക്കുന്ന ഭീമാകാരമായ മതിൽക്കെട്ട്, ചെങ്കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. കടലിൽ നിന്നുള്ള ഏത് അപകടവും കണ്ടുപിടിക്കാനായി നിരീക്ഷണ ഗോപുരം.  സുരക്ഷിതമായി താമസിക്കാൻ രഹസ്യ തുരങ്കങ്ങൾ. നൂറ്റാണ്ടുകളോളം ഈ കോട്ട നമ്മെ സംരക്ഷിച്ചിട്ടുണ്ട് കെട്ടോ. 


ഇന്ന് ബേക്കൽ കോട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. ഗോപുരങ്ങളിൽ കയറി അറേബ്യൻ കടലിന്റെ മനോഹരമായ കാഴ്ചകൾ കാണാം. കോട്ടമതിലുകൾ തൊട്ടുനോക്കി പര്യവേക്ഷണം ചെയ്യാം. നമ്മുടെ പൂർവ്വീകർ എത്ര അധ്വാനിച്ചാണ് അവ പടുത്തുയർത്തിയതെന്ന് മനസ്സിലാക്കാം. 


അതിനാൽ, ഇനി കാസർഗോഡ് പോകുമ്പോൾ ഈ കോട്ട സന്ദർശിക്കാൻ മറക്കരുത്. ഗോപുരങ്ങളിൽ കയറുമ്പോഴും രഹസ്യതുരങ്കങ്ങളിൽ ഇറങ്ങുമ്പോഴും മുതിർന്നവരുടെ സഹായം ചോദിക്കണം കെട്ടോ.


No comments:

Post a Comment