കുഞ്ഞു ചരിത്രപ്രേമികളേ! ഈ ആഴ്ച, ഹൈദരാബാദിൻ്റെ തിരക്കേറിയ നഗരത്തിലേക്ക് ഒരു യാത്ര നടത്താം, അവിടെ നാലു നൂറ്റാണ്ടിൻ്റെ പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന ഒരു സ്മാരകം കാണാം; ചാർമിനാർ.
ചാർമിനാർ എന്നാൽ പേർഷ്യൻ ഭാഷയിൽ "നാല് ഗോപുരങ്ങൾ" എന്നാണ് അർത്ഥം. ഉയർന്ന നാല് മിനാരങ്ങളുള്ള ചതുരാകൃതിയിലുള്ള കെട്ടിടമാണിത്. ഖുത്ബ് ഷാഹി വംശത്തിൻ്റെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഖുലി ഖുത്ബ് ഷാ 1591-ൽ നിർമ്മിച്ചതാണ് ചാർമിനാർ. ആ കാലത്ത് നാട്ടിൽ പരന്ന പ്ലേഗ് മഹാമാരി അവസാനിച്ചതിനെ തുടർന്ന്, അതിൻ്റെ സ്മരണക്കു വേണ്ടി നിർമ്മിച്ചതാണത്. ചാർമിനാർ നിർമ്മിച്ചതോടെ, ഖുതുബ് ഷാഹി രാജവംശത്തിൻ്റെ തലസ്ഥാന നഗരി ഗോൽക്കോണ്ടയിൽ നിന്ന് ഹൈദറാബാദിലേക്ക് മാറി.
മനോഹരമായ കെട്ടിടം എന്നതിലുപരി ഹൈദരാബാദിൻ്റെയും അതിൻ്റെ സമ്പന്നമായ ചരിത്രത്തിൻ്റെയും പ്രതീകം കൂടിയാണിത്. ചാർമിനാറിൻ്റെ മനോഹരമായ വാസ്തുവിദ്യ കാണാനും ചുറ്റുമുള്ള തിരക്കേറിയ വിപണികളിൽ ഷോപ്പിംഗ് നടത്താനും സ്വാദിഷ്ഠമായ ഹൈദരാബാദി ബിരിയാണി രുചിക്കാനും ആളുകൾ അവിടെയെത്തുന്നു.
ഹൈദരാബാദിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചാർമിനാർ, നഗരത്തിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിൽ നിന്നും ഒരുപോലെ കാണാവുന്നതാണ്. ഹൈദരാബാദിൽ പോവുന്നുവെങ്കിൽ ഈ മൂകസാക്ഷിയെ കൂടി കാണാൻ ശ്രദ്ധിക്കുമല്ലോ.
മൂകസാക്ഷി: ചാർമിനാർ - ഹൈദരാബാദിൻ്റെ പ്രതീകം
Subscribe to:
Post Comments (Atom)
No comments:
Post a Comment