ഖുതുബ് ഷാഹി കുടീരങ്ങൾ
ഹൈദരാബാദിൽ, പ്രസിദ്ധമായ ഗോൽക്കൊണ്ട കോട്ടയ്ക്ക് സമീപമുള്ള ഇബ്രാഹിം ബാഗിലാണ് ചരിത്ര പ്രാധാന്യമുള്ള ഖുതുബ് ഷാഹി കുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്. ഖുതുബ് ഷാഹി രാജവംശത്തിലെ വിവിധ രാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും അന്ത്യവിശ്രമ കേന്ദ്രമായ ഈ സമുച്ചയം, പേർഷ്യൻ, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികൾ സമന്വയിപ്പിക്കുന്ന നിർമ്മിതിയാണ്.
കൂർത്ത കമാനങ്ങളുള്ള ഇവ ചതുരാകൃതിയിലുള്ള ഉയർന്ന അടിത്തറക്ക് മുകളിലാണ് സ്ഥിതിചെയ്യുന്നത്. ചെറിയവ ഒരു നിലയിലും, വലിയവ രണ്ട് നിലകളിലുമായാണ് നിർമ്മിച്ചിരിക്കുന്നത്. പണ്ട്, തിളക്കമുള്ള നീലയും പച്ചയും നിറങ്ങളിലുള്ള ടൈലുകൾ കൊണ്ട് അലങ്കൃതമായിരുന്നു ഇവയുടെ താഴികക്കുടങ്ങൾ.
ഖുതുബ് ഷാഹി രാജവംശത്തിലെ അവസാനത്തെ സുൽത്താനായ അബുൽ ഹസൻ കുതുബ് ഷാ (താനാ ഷാ) ഒഴികെ മറ്റെല്ലാ സുൽത്താന്മാരുടെയും ശവകുടീരങ്ങൾ ഇവിടെയുണ്ട്. സുൽത്താൻ ഖുലി ഖുതുബ്-ഉൽ-മുൽക്ക് ആണ് രാജവംശത്തിന്റെ സ്ഥാപകൻ. ഖുതുബ് ഷാഹി ശവകുടീരങ്ങളിൽ ഏറ്റവും വലുതും ഗംഭീരവുമായത് മുഹമ്മദ് ഖുലി ഖുതുബ് ഷായുടേതാണ്.
ശവകുടീരങ്ങൾ കൂടാതെ, ഇവിടെ മറ്റ് സ്മാരകങ്ങളും കാണാം. മരിച്ച രാജാക്കന്മാരുടെ മൃതദേഹം അന്ത്യവിശ്രമ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ആചാരപരമായ ശുദ്ധീകരണം നടത്താൻ സുൽത്താൻ ഖുലി നിർമ്മിച്ച മോർച്ചറി ബാത്ത് (ശവം കുളിപ്പിക്കാനുള്ള കുളിക്കടവ്) ആണ് ഇതിൽ പ്രധാനപ്പെട്ടത്. എ.ഡി. 1666-ൽ നിർമ്മിതമായ ഹയാത്ത് ബക്ഷി ബീഗത്തിന്റെ മസ്ജിദ് ആണ് മറ്റൊന്ന്.
ഖുതുബ് ഷാഹികളുടെ ഭരണകാലത്ത് ഈ ശവകുടീരങ്ങൾ വളരെ ആദരവോടെയാണ് പരിപാലിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇവ അവഗണിക്കപ്പെട്ടു. ലോക പൈതൃക സൈറ്റായി ഉയർത്താൻ വേണ്ടി, ഡെക്കാൻ സുൽത്താനേറ്റിന്റെ സ്മാരകങ്ങളും കോട്ടകളും എന്ന പേരിൽ യുനെസ്കോ 2014-ൽ അതിൻ്റെ 'താത്കാലിക പട്ടികയിൽ' ഈ സമുച്ചയത്തെ ഉൾപ്പെടുത്തി. തെലങ്കാന സ്റ്റേറ്റ് ആർക്കിയോളജി ആൻഡ് മ്യൂസിയം ഡിപ്പാർട്ട്‌മെൻ്റും ആഗാ ഖാൻ ട്രസ്റ്റ് ഫോർ കൾച്ചറും പരസ്പരം സഹകരിച്ച് 2013-ൽ ശവകുടീരങ്ങളുടെ സമഗ്രമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് നിരവധി പേരുടെ സന്ദർശന സ്ഥലമാണ് ഇവ.
No comments:
Post a Comment