ശരിയാവാൻ തെറ്റണം


എന്റെ കുട്ടി എല്ലാ വിഷയത്തിലും നൂറ് മാർക്ക് സ്കോർ ചെയ്യണം. ഒരു വിഷയത്തിൽ പോലും അവൻ പരാജയപ്പെടരുത്. ക്ലാസിൽ ഒന്നാമനാകണം. കളിക്കളത്തിൽ ഒന്നാമനാകണം. 


ഇങ്ങനെയൊക്കെയായിരിക്കും ഒരു ശരാശരി രക്ഷിതാവിന്റെ മനോനില. ഞാൻ വലിയ സംഖ്യ ഫീസ് കൊടുത്തും ആവശ്യമായ പഠനോപകരണങ്ങൾ മുഴുവൻ വാങ്ങിയും അവനെ പഠിപ്പിക്കുന്നത് എല്ലായിടങ്ങളിലും ഒന്നാമനാവാനാണ് എന്നാണ് അവരുടെ ന്യായം. 


എന്നാൽ, നമ്മുടെ ഈ സങ്കൽപം ശരിയാണോ? തെറ്റുപറ്റാതെ വളർന്നു വലുതാവലാണോ ഒരാളുടെ വിജയം? ഒരിക്കലുമല്ല. തെറ്റുപറ്റിയാൽ തിരുത്തി മുന്നേറണം എന്നതു മാത്രമാണ് വിജയമന്ത്രം. തെറ്റുപറ്റുമെന്ന് ഭയപ്പെടുന്നവർ പരീക്ഷണങ്ങളിൽ നിന്ന് ഒളിച്ചോടുന്നവരാണ്. അവർക്ക് തോൽവി അഭിമുഖീകരിക്കാനാവില്ല. 


ഒരിക്കലും തെറ്റുപറ്റാത്തവൻ ഒരിക്കലും പുതമകൾ പരീക്ഷിക്കാത്തവനായിരിക്കുമെന്നാണ് പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബെർട്ട് ഐൻസ്റ്റൈന്റെ നിരീക്ഷണം. 


ഇലക്ട്രിക് ബൾബ് കണ്ടുപിടച്ച തോമസ് ആൽവാ എഡിസന്റെ ചരിത്രം നമുക്കറിയാം. ആയിരത്തോളം തവണ ശ്രമിച്ചിട്ടും അദ്ദേഹം ലക്ഷ്യം കണ്ടില്ല. അധ്വാനത്തിൽ നിന്ന് പിൻമാറാതെ അദ്ദേഹം വീണ്ടും മുന്നോട്ടു പോയപ്പോഴാണ് നമ്മുടെ വീടകങ്ങൾ പ്രകാശപൂരിതമായത്. ബൾബ് പ്രകാശിക്കാത്ത ആയിരം വ്യത്യസ്ത വഴികൾ ഞാൻ കണ്ടെത്തി എന്നാണ് അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. 


"തെറ്റുപറ്റുന്നത് ശരിയാണെന്ന് നിങ്ങൾ മക്കളോട് പറഞ്ഞുകൊടുക്കൂ. അങ്ങനെയാണ് നമ്മൾ ഒരോ കാര്യങ്ങൾ പഠിക്കുന്നത്. മത്സരത്തിനിറങ്ങിയാൽ തെറ്റുപറ്റൽ സ്വാഭാവികമാണ്" - മുൻ അമേരിക്കൻ ബാസ്ക്കറ്റ് ബോൾ പ്ലെയർ കരീം അബ്ദുൽ ജബ്ബാറിന്റേതാണ് ഈ വാക്കുകൾ.

No comments:

Post a Comment