പത്തുരൂപ നോട്ട്
കൂട്ടുകാരേ, പത്തുരൂപയുടെ നോട്ട് നിങ്ങൾ കണ്ടിട്ടില്ലേ.. അതിന്റെ മുന്നിൽ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി ചിരിച്ചുനിൽക്കുന്ന ചിത്രം നിങ്ങളുടെ മനസ്സിലുണ്ട്. പക്ഷേ, നോട്ടിന്റെ പിന്നിലെ രഹസ്യം നിങ്ങൾക്കറിയുമോ?
അതിന്റെ പുറകിൽ വലിയ ചക്രങ്ങളുള്ള ക്ഷേത്രം കണാം. ഒറീസയിലെ കോണാർക്ക് എന്ന സ്ഥലത്തു നിർമിക്കപ്പെട്ട സൂര്യക്ഷേത്രമാണത്. എട്ടുനൂറ്റാണ്ട് പഴക്കമുള്ള ഒരു ഹൈന്ദവക്ഷേത്രം. അന്ന് ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന രാജാവാണ് ഇതുണ്ടാക്കിയത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നുമാണ്.
ക്ഷേത്രം ഒരു രഥത്തിന്റെ മാതൃകയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഏഴ് കുതിരകൾ ഈ രഥം വലിക്കുന്നു. ഇരുപത്തിനാല് ചക്രങ്ങളുടെ കൂടെ അവ സൂര്യനെ ആകാശത്തിനു കുറുകെ വഹിക്കുന്ന രൂപത്തിലാണ് രഥത്തിന്റെ ചിത്രീകരണം. പ്രവേശന കവാടത്തിൽ രണ്ട് സിംഹങ്ങളുമുണ്ട്. രഥത്തിന്റെ ഇരുവശങ്ങളിലുമായി പന്ത്രണ്ട് ചക്രങ്ങളുണ്ട്.
ചക്രങ്ങൾക്കു പുറകിൽ അത്ഭുതകരമായ വാസ്തുവിദ്യയും ശാസ്ത്രവുമുണ്ട്. ഇവയുടെ നിഴൽ തറയിൽ വീഴുന്ന സ്ഥാനം നോക്കിയാണ് അന്ന് ആളുകൾ കൃത്യമായ സമയം മനസ്സിലാക്കിയിരുന്നത്. അഥവാ ഓരോ ചക്രവും ക്ലോക്കിലെ ഒരോ അക്കങ്ങളെ സൂചിപ്പിക്കുന്നതു പോലെ. ഈ സംവിധാനം നിഴൽ ഘടികാരം എന്ന് അറിയപ്പെടുന്നു. കേരളത്തിലുമുണ്ട് കെട്ടോ ഇങ്ങനത്തെ നിഴൽ ഘടികാരങ്ങൾ.
എങ്ങനെയുണ്ട് ഈ വിദ്യ? അൽഭുതം തന്നെ അല്ലേ.. അതുകൊണ്ടായിരിക്കണം കൊണാർക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ ഇപ്രകാരം പറഞ്ഞത്: " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു".
No comments:
Post a Comment