പൊന്നുമാളിയേടെ പൊക്കം

 പൊന്നുമാളിയേടെ പൊക്കം


മജീദ് പണിയാൻ പോകുന്ന മാളികയുടെ ഉയരത്തെ കുറിച്ച് സുഹ്റ ചോദിച്ചു: 'അപ്പോ പൊന്നുമാളിയേടെ പൊക്കം എത്രോം കാണും?'... 

മജീദ് പറഞ്ഞു: 'ഒത്തിരി' 

ഒത്തിരി എന്നു പറയുന്നത് എത്രത്തോളമാണെന്ന് സുഹ്റായ്ക്കു നിശ്ചയമില്ല. അവൾ ചുറ്റിനും നോക്കി. വാഴകൾ, തെങ്ങ് ഒക്കെയുണ്ട്. അവൾ ചോദിച്ചു: 'വാഴോളം?' അവനു രസിച്ചില്ല...

'തെങ്ങോളം?' 

അതിനെയും മജീദ് പരിഹസിച്ചതുകൊണ്ട് സുഹ്റാ ആകാശത്തേക്കു മുഖം ഉയർത്തി സംശയാധീനയായി ചോദിച്ചു: 'മാനത്തോളം?'

'അദെ,' മജീദ് സമ്മതിച്ചു: 'പൊൻമാളിയ മാനത്തോളം കാണും.'

- ബഷീറിന്റെ ബാല്യകാലസഖിയിൽ നിന്നുള്ള ഒരു രംഗമാണിത്.  


തങ്ങളുടെ ചുറ്റുപാടുമുള്ള കൊച്ചുകൊച്ചു അനുഭവങ്ങളെ കോർത്തിണക്കിയാണ് കുട്ടികൾ തങ്ങളുടെ ലോകം കെട്ടിപ്പടുക്കുന്നത്. മാളികയുടെ ഉയരം അമൂർത്തമായ ഒരു വിശേഷണമായതിനാൽ സുഹ്റാക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഉടനെ അവൾ തന്റെ ഇന്ദ്രിയ അനുഭവങ്ങളിലേക്ക് കൊണ്ടുവന്ന് അതിനെ അളക്കാൻ ശ്രമിച്ചു. അവൾ വാഴകളും തെങ്ങുകളും കണ്ടപ്പോൾ മജീദ് മാനവും കണ്ടു. 


ചെറിയ കുട്ടികളുടെ പാഠപുസ്തകങ്ങളിൽ മൃഗങ്ങൾ, പഴങ്ങൾ, വസ്തുക്കൾ തുടങ്ങിയവയുടെ ചിത്രങ്ങൾ കൊടുക്കുന്നതും ഈ കാരണത്താലാണ്.  

അമൂർത്തമായ കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയില്ല. ശാന്തി, സമാധാനം, നീതി പോലെയുള്ള ആശയങ്ങൾ ഉദാഹരണം. ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കേണ്ടി വരുമ്പോൾ ദൃശ്യതയുള്ള കൃത്രിമ സാഹചര്യങ്ങൾ നിർമിക്കാവുന്നതാണ്. 

ഉദാഹരണത്തിന്: മൃഗങ്ങൾ തല്ലുകൂടുന്നു. അപ്പോൾ അവർക്ക് പരസ്പരം പേടിയാകുന്നു. ശാന്തിയോ സമാധാനമോ ലഭിക്കുന്നില്ല. മറ്റൊന്ന്: ചെന്നായ ഒരു മാനിനെ കൊന്നു. കാട്ടിലെ രാജാവ് സിംഹം ചെന്നായയെ ചോദ്യം ചെയ്തു. ചെന്നായയെ ഇനി എന്തു ചെയ്യണം? മറുപടി അവർ പറയട്ടെ.. ഇപ്പോൾ നീതി എന്താണെന്ന് അവർക്ക് മനസ്സിലായിക്കാണും.

No comments:

Post a Comment