മുതിർന്നിട്ടും തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കുണ്ടാക്കുന്ന യുവാക്കളെ നിങ്ങൾ കണ്ടിട്ടില്ലേ.. എന്താണ് അതിനുപിന്നിലെ കാരണം? കുടുംബം നോക്കുന്നതിൽ തനിക്കൊരു ഉത്തരിവാദിത്വവുമില്ല; എല്ലാം പിതാവിന്റെ ബാധ്യതയാണെന്ന തോന്നലാണ് അതിനു പിന്നിലുള്ളത്. കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകൾ നിറവേറ്റാൻ ചെറുപ്പം മുതലേ കുട്ടികൾ ഉത്തരവാദിത്വബോധമുള്ളവരായി വളരണം.
ഒരു കുട്ടി വളർന്ന് വലുതാവുന്നതിനിടക്ക് ഏത് പ്രായത്തിലാണ് ഇത് തുടങ്ങേണ്ടത്? എന്തെങ്കിലും കാര്യം ചെയ്യാൻ നിങ്ങളവരെ എന്ന് മുതലാണോ ഏൽപ്പിക്കുന്നത്, അന്ന് മുതൽ ഈ ബോധം അവരിൽ സൃഷ്ടിച്ചെടുക്കണം. ഇതെങ്ങെനെ സാധ്യമാവും എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്.
ചെറിയൊരു ഉദാഹരണം പറയാം: കൈയിൽ കുറച്ച് കാശും സാധനങ്ങളുടെ ലിസ്റ്റും നൽകി പലചരക്കുകൾ വാങ്ങാൻ അവരെ കടയിൽ വിടാറില്ലേ.. തിരിച്ചുവന്നാൽ ബാക്കി കാശ് എവിടെ എന്ന് ചോദിക്കാറുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇന്നുമുതൽ തീർച്ചയായും ചോദിക്കണം. ചില്ലറ മാത്രമേ ബാക്കിയുള്ളൂ എങ്കിലും ചോദിക്കാൻ മടിക്കരുത്. ചില്ലറയുടെ കണക്ക് പോലും ചോദിക്കുന്ന പിശുക്കൻ എന്ന് സ്വയം നാണക്കേടുണ്ടാവുകയൊന്നും വേണ്ട. ആ ചില്ലറ അവർക്ക് തന്നെ തിരിച്ചുനൽകി കായ്ക്കുടുക്കയിൽ സൂക്ഷിക്കാൻ പറഞ്ഞാൽ മതി. ആ ചമ്മൽ മാറിക്കിട്ടും.
എന്തുകാര്യം ഏൽപ്പിക്കുമ്പോഴും അതിന്റെ അവശേഷിപ്പുകൂടി ചോദിക്കുക. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പ്ലേറ്റ് എവിടെ വച്ചു? സ്കൂൾ വിട്ടുവന്നാൽ ബാഗ് എന്ത് ചെയ്തു? എല്ലാം ചോദിച്ച് ബുദ്ധിമുട്ടിക്കുകയും വേണ്ട. ഇങ്ങനെ വളർത്തിയാൽ ചെറുപ്രായം മുതലേ ഉത്തരവാദിത്വബോധമുള്ളവാരായി വളരും അവർ.
No comments:
Post a Comment