പാരെൻ്റിംഗ് - വൈകാരിക സുരക്ഷിതത്വം

 വൈകാരിക സുരക്ഷിതത്വം


സ്കൂളിൽ നിന്ന് തിരിച്ചെത്തിയ അമീൻ ബാഗ് വാതിലിനു പുറത്തിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ എന്തോ പന്തികേടുണ്ടെന്ന് മാതാവിന് മനസ്സിലായി. അവൻ അടുക്കളയിലേക്ക് ഓടിവന്നില്ല, ഒന്നും സംസാരിച്ചതുമില്ല. തറയിൽ നിശബ്ദനായി ഇരുന്നു. മാതാവ് ഉടനെ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. അവന്റെ അരികിൽ പോയി ഇരിക്കുക മാത്രം ചെയ്തു.


അല്പം കഴിഞ്ഞപ്പോൾ അമീൻ സംസാരിച്ചു തുടങ്ങി: "എന്റെ ഉത്തരം തെറ്റിപ്പോയി... എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു." മാതാവ് അവനെ തിരുത്താൻ പോയില്ല. "നീ പഠിക്കാത്തതു കൊണ്ടല്ലേ..", "നീ കൂടുതൽ പഠിക്കണം" എന്നൊന്നും ഉപദേശിച്ചതുമില്ല. ഇങ്ങനെ മാത്രം പറഞ്ഞു: "ആഹ്.. എന്റെ കുട്ടിക്ക് ഒത്തിരി വേദനിച്ചിട്ടുണ്ടാകുമല്ലേ.."


ആ നിമിഷം അദൃശ്യമായ എന്നാൽ അതിശക്തമായ ഒരു സുരക്ഷാവലയം അമീൻ അനുഭവിച്ചു —വൈകാരിക സുരക്ഷിതത്വം (Emotional Safety). വീട്ടിൽ സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ അനുവാദമുണ്ടെന്നും, തെറ്റുകൾ കളിയാക്കപ്പെടില്ലെന്നും, സംശയങ്ങൾ ചോദിക്കാമെന്നും ഉള്ള തിരിച്ചറിവാണ് വൈകാരിക സുരക്ഷിതത്വം. പരാജയപ്പെട്ടാലും മാതാപിതാക്കളുടെ സ്നേഹം നഷ്ടപ്പെടില്ലെന്ന ഉറപ്പാണത്. 


എല്ലാം തികഞ്ഞവരോ പരിപൂർണരോ ആയതു കൊണ്ടു മാത്രം കുട്ടികൾക്ക് പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ കഴിയണമെന്നില്ല. മറിച്ച്, അപൂർണ്ണതകളോടെ തന്നെ തങ്ങൾ സുരക്ഷിതരാണെന്ന് തോന്നുമ്പോഴാണ് അവർ നന്നായി വളരുന്നത്. വൈകാരിക സുരക്ഷിതത്വം അനുഭവിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും സത്യസന്ധതയും കരുത്തും കൂടുതലായിരിക്കുമെന്ന് മനോരോഗ വിദഗ്ധർ ഓർമ്മിപ്പിക്കാറുണ്ട്. "എനിക്കിത് മനസ്സിലാകുന്നില്ല" എന്നോ "എനിക്ക് തെറ്റുപറ്റി" എന്നോ പറയാൻ അവർ ഭയപ്പെടില്ല. ആ ധൈര്യം തുടങ്ങുന്നത് വീട്ടിൽ നിന്നാണ്.


സ്നേഹം എന്നത് വെറും ആഘോഷങ്ങളല്ല. ക്ഷമയോടെയുള്ള കേൾവിയിലും, സൗമ്യമായ വാക്കുകളിലും, ചേർത്തുപിടിക്കലിലുമാണ് അത് അടങ്ങിയിരിക്കുന്നത്. 


അന്ന് രാത്രി അമീൻ തന്റെ ഹോം വർക്കുകൾ വളരെ പതിയെയാണെങ്കിലും സമാധാനത്തോടെ പൂർത്തിയാക്കി. ഒരു കാര്യം അവന് ഉറപ്പായിരുന്നു: പുറംലോകം കഠിനമാണെങ്കിലും തനിക്ക് സുരക്ഷിതമായിരിക്കാൻ ഒരു ഇടമുണ്ട്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ആ തോന്നലാണ് ജീവിതത്തിലെ ഏറ്റവും ശക്തമായ അടിത്തറ.

No comments:

Post a Comment