ഒരു സമ്മാനം കൊടുക്കാം
ജന്മദിനത്തോടനുബന്ധിച്ച് വിവിധ തരം സമ്മാനങ്ങൾ നാം കുട്ടികൾക്ക് നൽകാറുണ്ട്. പുതിയ കളിപ്പാട്ടം, സൈക്കിൾ, മൊബൈൽ, അല്ലെങ്കിൽ വിലകൂടിയ മറ്റെന്തെങ്കിലും. എന്നാൽ, നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്റെ മകൾ ഇന്ദിരക്ക് സമ്മാനിച്ചത് എന്താണെന്ന് അറിയുമോ?
1930-ൽ നൈനി ജയിലിൽ കഴിയുമ്പോഴാണ് മകൾ ഇന്ദിരയുടെ 13-ാം ജന്മദിനം കടന്നുവരുന്നത്. ജയിലിൽ വച്ച് ദ്രവ്യവസ്തുക്കളൊന്നും സമ്മാനമായി നൽകാൻ സാധിക്കുമായിരുന്നില്ല. അന്ന് അദ്ദേഹം തെരെഞ്ഞെടുത്ത സമ്മാനം പിൽക്കാലത്ത് ചരിത്രമായി മാറി.
അദ്ദേഹം മകൾക്ക് ഒരു കത്ത് എഴുതുകയാണ് ചെയ്തത്. തുടക്കത്തിൽ ഇങ്ങനെ പറഞ്ഞു: ജന്മദിനം പ്രമാണിച്ച് നിനക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമാണിത്. എല്ലാവിധ ആശംസകളും നേരുന്നു. പക്ഷേ, നൈനി ജയിലിൽ കിടന്നുകൊണ്ട് ഞാൻ എന്ത് സമ്മാനമാണ് നിനക്ക് നൽകുക? അതൊരിക്കലും ദ്രവ്യരൂപത്തിലുള്ളതോ പദാർത്ഥമോ ആവാൻ കഴിയില്ല. മറിച്ച്, ആത്മാവിനെയും മനസ്സിനെയും സ്പർശിക്കുന്ന ചിന്തകളായിരിക്കും അത്. നല്ലൊരു മാലാഖയുടേതെന്ന പോലെ, ഉയർന്ന ജയിൽമതിലുകൾക്ക് പോലും തടഞ്ഞുവക്കാനാവാത്ത വിധമുള്ള ചിന്തകൾ.
ജന്മദിനസമ്മാനമായി നെഹ്റു ഇന്ദിരക്ക് അയച്ച കത്തുകൾ പിന്നീട് ഒരു ഗ്രന്ഥമായി മാറി; വളരെ മനോഹരമായി ലോകചരിത്രം വിവരിക്കുന്ന ബൃഹത്തായൊരു ചരിത്രരേഖ.
ഇന്ന്, കുട്ടികൾക്ക് എല്ലാം ലഭ്യമാണ്; കളിപ്പാട്ടങ്ങളും മറ്റും എല്ലാം. ലഭ്യമല്ലാത്തത് ആശയങ്ങളും ചിന്തകളും മാത്രം. അവരുടെ വാക്കുകൾ കേൾക്കാൻ സമയമുള്ളൊരു പിതാവ്, കഥകൾ പറഞ്ഞുകൊടുക്കുന്നൊരു മാതാവ്, ചോദ്യങ്ങൾ ചോദിക്കാൻ സ്വാതന്ത്ര്യം നൽകുന്ന കുടുംബം, പുസ്തകങ്ങളോടുള്ള സ്നേഹം, നല്ല മൂല്യങ്ങൾ, ആത്മവിശ്വാസം—ഇവയാണ് ജീവിതം മുഴുവൻ കൂടെയുണ്ടാകുന്ന സമ്മാനങ്ങൾ.
കളിപ്പാട്ടങ്ങൾ തകരാം. വസ്ത്രങ്ങൾ പഴകാം. സാങ്കേതിക ഉപകരണങ്ങൾ കാലഹരണപ്പെടാം. പക്ഷേ, കുട്ടിയുടെ മനസ്സിൽ നാം നട്ടുവളർത്തുന്ന ധൈര്യം, ജിജ്ഞാസ, സത്യസന്ധത, കരുണ എന്നിവ ഒരിക്കലും നശിക്കില്ല.
അതുകൊണ്ട്, ഇന്ന് തന്നെ മക്കൾക്ക് നല്ല ഒരു കഥ പറഞ്ഞുകൊടുത്ത് ഈ അധ്യയന വർഷം തുടങ്ങാം.
No comments:
Post a Comment