ഐടി കോർണർ: മൊബൈലിലെ കുട്ടിപ്പിശാച്

 മൊബൈലിലെ കുട്ടിപ്പിശാച്


നമുക്ക് മൊബൈൽ ഫോൺ വളരെ രസകരവും ഉപകാരപ്രദവുമാണല്ലോ? കാർട്ടൂണുകൾ കാണാനും ഗെയിമുകൾ കളിക്കാനും കൂട്ടുകാരോട് സംസാരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും അതിലൂടെ നമുക്ക് കഴിയും. എന്നാൽ, കൂടുതൽ സമയം മൊബൈൽ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷകരമാണെന്ന കാര്യം നിങ്ങൾക്കറിയുമോ?


മൊബൈൽ സ്ക്രീനിനുള്ളിൽ 'സ്ക്രീനി' എന്ന് പേരുള്ള ഒരു കുട്ടിപ്പിശാച് ഒളിച്ചിരിപ്പുണ്ടെന്ന് നിങ്ങൾ സങ്കൽപ്പിച്ച് നോക്കൂ! കുറെ നേരം ഫോണിലേക്ക് തന്നെ നോക്കിയിരിക്കുമ്പോൾ 'സ്ക്രീനി' മൊബൈലിൽ നിന്ന് പുറത്ത് ചാടും. നമ്മുടെ കണ്ണുകളെ ക്ഷീണിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ നമ്മുടെ കാഴ്ച മങ്ങുന്നതായി തോന്നാറില്ലേ?


സാധാരണയായി കണ്ണുകൾ ഫ്രഷ് ആയിരിക്കാൻ വേണ്ടി നമ്മൾ ഒരു മിനിറ്റിൽ പലതവണ കണ്ണ് ചിമ്മാറുണ്ട്. എന്നാൽ സ്ക്രീനിലേക്ക് നോക്കുമ്പോൾ ഇങ്ങനെ ചിമ്മുന്നത് കുറയും, അപ്പോൾ കണ്ണുകൾ ഉണങ്ങിപ്പോകും. വരണ്ട കണ്ണുകൾ കൂടുതൽ വേദനിക്കും.


മൊബൈൽ ഉപയോഗിക്കുമ്പോൾ, വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിന് പകരം നമ്മൾ ഒരിടത്ത് തന്നെ മണിക്കൂറുകളോളം ഇരിക്കാറുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും നമ്മെ മടിയന്മാരാക്കുകയും ചെയ്യും.


രാത്രിയാകുമ്പോൾ, സ്ക്രീനി നമ്മുടെ കണ്ണുകളിലേക്ക് കൂടുതൽ വെളിച്ചം അടിക്കും. എന്നിട്ട് നമ്മുടെ തലച്ചോറിനോട് പറയും: "ഇപ്പോഴും പകലാണ്, ഉറങ്ങണ്ട!". അപ്പോൾ നമ്മുടെ ഉറക്കവും പമ്പകടക്കും, അടുത്ത ദിവസം നമുക്ക് നല്ല ക്ഷീണവും തോന്നും, ക്ലാസിൽ ഇരിന്നുറങ്ങും.


നമുക്ക് എങ്ങനെ സ്ക്രീനിയെ തോൽപ്പിക്കാം? വളരെ എളുപ്പമാണ്! ഫോൺ ഉപയോഗിക്കുന്ന സമയം കുറക്കുക, ഫോൺ ഒഴിവാക്കി കണ്ണുകൾക്ക് വിശ്രമം നൽകുക, ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുക, പിന്നെ പുറത്തുപോയി കളിക്കുക. മൊബൈൽ മാറ്റിവച്ച് പുസ്തകങ്ങൾ വായിക്കുന്നതും ചിത്രം വരയ്ക്കുന്നതും വളരെ നല്ല കാര്യങ്ങളാണ്.

No comments:

Post a Comment