കോണി കയറി ഇടത്തോട്ട് തിരിയുന്നേടത്താണ് എന്റെ റൂം. പാതി ചാരി വെച്ച റൂമിനു മുമ്പില്‍ ഒരു ചവിട്ടിയിട്ടിട്ടുണ്ട്. കാല് തുടച്ചേ അകത്ത് കയറാവൂ എന്നൊരു മുന്നറിയിപ്പ് കൂടിയുണ്ട് ഈ വെടിപ്പുള്ള ചവിട്ടിക്കു പിന്നില്‍.
റൂമിനകത്തേക്ക് കറിയാല്‍ പിന്നെ അതൊരു ലോകമാണണ്. ഈ ലോകത്തുള്ള സര്‍വ്വവും ആ മുറിക്കകത്ത് എങ്ങനെയോ ഞാന്‍ എത്തിച്ചിട്ടുണ്ട്.ഒരു കട്ടില്, കിടക്ക, തലയിണ, ഒരു കസേര, മേശ, അലമറ തുടങ്ങി വൃത്തിയുള്ള ഫര്‍ണ്ണിച്ചറുകളും സി. എഫ്. എല്‍, ഫാന്‍, ക്ലോക്ക്, ടേബില്‍ ലാംബ് തുടങ്ങി പോഷക സഹകരണ സംഘങ്ങളും ലോപ്ടോപും ഇന്റര്‍നെറ്റ് കണക്ഷനും പിന്നെ ഞാനും.
ഹാവൂ...
എന്തൊരു പുതുപുത്തന്‍ ജീവിതം.
മുഴുവന്‍ സാധനങ്ങളുടെയും ഒരു ലിസ്റ്റ് എന്റെ മനസ്സിലുണ്ട്. മൊട്ടുസൂചി മുതല്‍ ലാപ് വരെ എവിടെ സ്ഥിതി ചെയ്യുന്നു, എത്ര പഴക്കം ചെന്നിട്ടുണ്ട്, റിപ്പയറിംഗ് ആവശ്യമായവ ഏവ, കാലഹരണപ്പെട്ടവ, ഡാമേജ് ആയവ.... തുടങ്ങഇ എസ് ഇ എസി ടി ഓബിസി കാസ്റ്റിലുള്ളവയടക്കം. മുഴുവന്‍ സ്ഥാവര ജംഗമ വസ്തുക്കളുടെയും ലൊക്കേഷനും സ്റ്റാറ്റിസ്റ്റികസും എനിക്ക് മന:പാഠമാണ്.
അലമറയില് മുകളില്‍ നിന്ന് മൂന്നാം തട്ടില്‍ വലതു ഭാഗത്ത് അഞ്ചാമതായി ചെരിച്ച് വെച്ചിട്ടുള്ള പുസ്തകത്തിന്റെ പേര് പറയാന്‍ എനിക്ക് അര്ദ്ഥ നിമിഷം മതി... വേണ്ട, അത്രയും സമയം അനുവദിച്ച് തന്നാല്‍ അലമറയിലെ മുഴുവന്‍ വസ്തുക്കളുടെയും പേര്, കട്ടി, വെച്ച രൂപം എല്ലാം ഞാന്‍ പറയാം.
കോളേജിലെ ഒന്നാം ക്ലാസില്‍ വെച്ച് (എനിക്ക് പത്തര വയസ്സ്) എന്നെ പരലും സൂചി എന്ന് വിളിച്ചിരുന്നു. കാരണം ശാഫി തന്നെ പറയട്ടെ (ഓട്ടോ ഗ്രാഫില്‍ അവന് എഴുതി വെച്ചത്): 'പെട്ടിക്കുള്ളിലെ പെട്ടിയില്‍ സൂചിക്കായി മാത്രം മറ്റൊരു പെട്ടിയുണ്ടെന്ന അഭ്യൂഹമായിരുന്നു കാരണം'.
എന്തോ എഴുത്ത് തീരെ ശരിയാവുന്നില്ല
വിശാലമായ കോളേജില്‍ ഒരു മിന്നാമുനുങ്ങിന് തനതാ വെളിച്ചം പോലും കൂട്ടിനില്ലെങ്കിലും, എനിക്കെന്റെ പെട്ടി തുറന്ന് സൂചിയോ നൂലോ പേനയോ പേനയുടെ മൂടിയോ അറാക്കിന്റെ കഷ്ണമോ അത്തറിന്റെ കുപ്പിയോ എടുത്ത് ഉപയോഗിച്ച് യഥാസ്ഥാനത്ത് തിരിച്ച വെക്കാന്‍ കഴിയുമായിരുന്നു.
അഹന്തയോ അഹംഭാവമോ അല്ല.
എന്റെ പ്രിയ ഡയറിയോട് ഞാനെന്തിന് കള്ളം പറയണം.
എന്റെ സ്വന്തം റൂമിലെ കണ്ണാടിയും ചീര്‍പ്പും ഇപ്പോള്‍ എവിടെയുണ്ടാകുമെന്ന്, പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാനെങ്ങനെ കൃത്യമായി പറയാതിരിക്കും?
മേശപ്പുറത്തെ ഗ്ലാസിനടിയില്‍ വിരിച്ച സുന്ദരമായ സന്ധ്യാസമയ ചിത്രം, നിറം മങ്ങുന്നത് ഞാനെങ്ങനെ അറിയാതിരിക്കും?
ശ്രദ്ധിക്കണേ.. ആ ഗ്ലാസില്‍ ഞാനായിട്ട് വരയൊന്നും വീഴ്ത്തിയിട്ടില്ല. നിങ്ങള്‍ സ്ക്രാച്ച് വരുത്തിയാല്‍ ഞാന്‍ അറിയാതെ പോവില്ല.. പക്ഷേ, ഞാന്‍ ക്ഷമിക്കും. ഞാന്‍ നിങ്ങളോട് ചൂടാവില്ല. ഒട്ടും ദേഷ്യം വരില്ല. അങ്ങനെ സ്ക്രാച്ചുകള്‍ അധികമായാല്‍ ഞാന്‍ തന്നെ ഗ്ലാസ് മാറ്റിക്കോളും.
ഹാവൂ.. എന്റെ റൂം.. എന്റെ റൂം..
ബാക്കി വിശേഷങ്ങള്‍ പിന്നെയെഴുതാം.. കെട്ടോ.
സ്വപ്നത്തിനെന്തൊരു മധുരം. അവിടെയെങ്കിലും എനിക്കൊരു മുറിയുണ്ടല്ലോ.
***
ഇപ്പോള്‍ മഗ്രിബ് നിസ്കരിച്ച് പള്ളിയില്‍ നിന്നും തിരിച്ചെത്തിയിരിക്കുന്നു.
പടിഞ്ഞാറെ ജനല്‍ തുറന്നാല്‍ തഴുകിയെത്തുന്ന കുളിര് തെന്നല്‍. തെങ്ങിന് തലപ്പും പനയോലകളും ഇക്കിളിപ്പെടുത്തി മുവ്വാണ്ടന്‍ മാങ്ങയുടെ രുചിയൂറും ഗന്ധവുമായി ദാ കടന്നു വരുന്നു. അപ്പുറത്തെ വയല്‍ വരമ്പിലെയും കുഞ്ഞിക്കുളത്തിന്റെയും നെല്പാടത്തിന്റെയും പുത്തന്‍ വിശേഷവുമായാണ് ഈ വരവ്.
ഈ കുഞ്ഞിളം കാറ്റ് ഇങ്ങനെയാണ്. ഞാന്‍ ഉറങ്ങുന്നതോ ഉണരുന്നതോ മൂപ്പര്‍ക്ക് വിഷയമല്ല. ജനല്‍ പാളി തുറക്കുന്നത് തന്നെ അങ്ങോര്‍ക്കുള്ള മാടി വിളിയാണെന്നാണ് ധരിച്ച് വച്ചിരിക്കുന്നത്. എഴുതുമ്പോഴും വായിക്കുമ്പോഴും ചുമരിലും ചാരിയങ്ങനെ നില്ക്കും. ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും വീണ്ടും കണ്ണെത്തിച്ചും.
കടലാസും പേനയും മുത്തമിടുമ്പോഴും മൂന്നാമനായി ചുംബനം സ്വീകരിക്കാനായി എന്നുമെത്തും ഈ മുത്ത്. പേന തുപ്പിയതൊക്കെ കടലാസ് ദേ, സ്വീകരിക്കുന്നു, ഇരു കൈ മലര്ത്തിയങ്ങനെ. പൂങ്കാറ്റേ, നീയും വരാറില്ലേ ഓരോ വരികള്ക്കിടയിലൂടെയു.. ടാ തിരിച്ച് പോവുമ്പോള്‍ ഒന്നും മനസ്സില്‍ വെച്ചേക്കല്ലേ.
ഇടക്ക് പറയാന്‍ വിട്ടു പോയതാണ്; മുഴുവന്‍ വസ്തു വഹകളുടെയും ലിസ്റ്റ് മനസ്സിലുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ.. എല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി കംപ്യൂട്ടറില്‍ കയറ്റാനും പ്ലാന്‍ ഉണ്ട് കെട്ടോ.
മേശ വിരിയായി സന്ധ്യാചിത്രം വെച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഞാന്‍ തന്നെ സെലക്ട് ചെയ്ത പോസ്റ്റര്‍ ആണത്. മൂന്നാലെണ്ണം വാങ്ങി വെച്ചിട്ടുണ്ട്. ഇടക്കിടെ മാറ്റി വെക്കാന്‍. കാടും മലയും അതിനിയടിലൂടെ സ്വത്വം സ്ഥിരപ്പെടുത്തി പതിയെയൊഴുകുന്ന നീര്‍ച്ചാലും ഒരു വശത്ത് കൊടമഞ്ഞ് ആധിപത്യം സ്ഥാപിച്ചതും കുറുങ്ങനെ കുന്ന് കയറി പോവുന്ന കൂകൂ തീവണ്ടിയും അടങ്ങിയ ഒരു ചിത്രമുണ്ട് അതില്‍. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.
അതവിടെയിരിക്കട്ടെ...
Good
ReplyDelete