പാതിരാചന്ദ്രൻ്റെ ചോട്ടിൽ

 പണ്ട്, 2005 ലോ മറ്റോ ആണ്. സമസ്തയുടെ ഒരു മഹാസമ്മേളനം കുറ്റിപ്പുറത്ത് നടക്കുന്നു. ദാറുൽ ഹുദായിൽ പ്ലസ് ടൂ പഠന കാലം. സമ്മേളനത്തിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ അവധിയുണ്ട്. കൂട്ടുകാരോടൊത്ത് ഒരു സ്കൂൾ ബസിൽ അങ്ങോട്ട് പോയി. രാത്രി വൈകീട്ടാണ് നഗരിയിൽ എത്തിയത്. 

പൂർണ്ണചന്ദ്രൻ നിലാവ് പൊഴിക്കുന്ന ഒരു പതിനാലാം രാവായിരിക്കണം അത്. അറിയില്ല. സ്വർഗ്ഗ ലോകത്ത് നിന്ന് ഒത്തിരി കനത്തിൽ തന്നെ ഹൃദയത്തിലേക്ക് സ്വർണ്ണ നൂൽ പാലം പൊഴിച്ച് ചന്ദ്രൻ പുഞ്ചിരി തൂകി നിൽപ്പുണ്ട്. 

സമ്മേളന സൈറ്റിന് പുറത്ത് കടന്ന് വരണ്ട് കിടക്കുന്ന പുഴയിലൂടെ, പുൽപ്പടർപ്പിലൂടെ കുറെ നടന്നു. മേലെ, പോവുന്നയിടങ്ങളിലൊക്കെ വെളിച്ചം മിന്നിച്ച് വിണ്ണിലെ മൺചെരാത് നീങ്ങിനീങ്ങി വന്നു. നായകളുടെ കുരയും കുറുക്കൻ്റെ ഓരിയും അങ്ങ് ദൂരെ നേർത്ത് കേൾക്കുന്നുണ്ട്. കൂട്ടുകാരുടെ കൈ പിടിച്ച് രാക്കഥകളുടെ വഴികൾ മാറിമാറി വന്നു. 

നാടും നഗരിയും വിളക്കണച്ച് ഇരുട്ടിൽ തപ്പി നടക്കുന്ന ഇന്ന് ഞാൻ മഗ്‌രിബ് കഴിഞ്ഞ് പുറത്തിറങ്ങി നോക്കുമ്പോൾ, ദേ, അവൻ അവിടെയുണ്ട്. മുകളിൽ, പതിനെട്ട് വർഷങ്ങൾക്കിപ്പുറം ഇന്നും അതേ ചന്ദ്രൻ എന്നെ നോക്കി നിൽക്കുന്നു. സ്ക്രീനിൽ നിന്നും ഞാൻ മുഖം എടുക്കുന്നതും കാത്തിരിക്കുകയായിരുന്നു അവനീ നീണ്ട കാലമത്രയും. എന്നെ കണ്ടതും അവൻ്റെ മുഖം വിടർന്നു.

എൻ്റെ നിഷ്കളങ്ക സുസ്മേര സുന്ദര മുഖത്ത് ഇരുദശാബ്ദങ്ങൾ ഒത്തിരി പാടുകളും ചുളിവുകളും കോറി വരച്ചിട്ടുണ്ടെങ്കിലും പതിനേഴഴകിൻ്റെ പത്തര മാറ്റോടെ അവനിപ്പോഴും പതിനാലാം രാവിൻ്റെ നിത്യ വർദ്ധക ശോഭയിൽ തന്നെയാണ്.

പാതിരാചന്ദ്രാ, നിത്യശോഭ ലാവണ്യമേ, സിന്ദൂരച്ചെപ്പുതിർന്ന പാതിരാവിലെ രാജമാണിക്യമേ, സപ്തവാനങ്ങളിലെ രാജ കിരീടമേ,നീ ഏത് സോപ്പ് ആണ് ഉപയോഗിക്കുന്നത്?

No comments:

Post a Comment