അവരുടെ ലോകം വേറെയാണ്

മക്കൾ പഠിച്ച് ഉന്നത നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് രക്ഷിതാക്കൾ. കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ അവരുടെ ഭാവിയെ കുറിച്ച് ഒരായിരം സ്വപ്നങ്ങൾ രക്ഷിതാക്കൾ നെയ്ത് വെക്കുന്നു. പിഞ്ചു ബാല്യം പിച്ച വെച്ച് തുടങ്ങുന്നത് തന്നെ, മാതാപിതാക്കൾ സ്വരുക്കൂട്ടി വെച്ച ധാരാളം കിനാക്കളിലേക്കാണ്. 

എന്നാൽ, മക്കൾ വളരേണ്ടത് രക്ഷിതാക്കളുടെ ലക്ഷ്യം മാത്രം മുന്നിൽ വെച്ച് കൊണ്ടാണോ? അങ്ങനെ ആവാൻ പാടില്ലെന്നാണ് ഉത്തരാധുനിക ശിശു കേന്ദ്രീകൃത പഠനങ്ങൾ വ്യക്തമാക്കുന്നത്. നമ്മളും അവരും ജീവിക്കുന്ന ലോകം തികച്ചും വ്യത്യസ്തമാണ്. ഉത്തരാധുനിക യുഗം പിറന്നതോടെ ഒരു പതിറ്റാണ്ട് കൊണ്ട് ലോകത്തിന് നൂറ്റാണ്ടുകളുടെ മാറ്റമാണ് വന്നു ചേരുന്നത്. മുതിർന്നവർക്ക് പക്ഷേ, അതിൻ്റെ കൂടെ ഓടിയെത്താൻ സാധിക്കാറില്ല. എന്നാൽ, ജനിക്കുന്ന കാലത്തോട് മത്സരിക്കാൻ പറ്റും വിധമാണ് ഓരോ കുഞ്ഞും പിറവി കൊള്ളുന്നത്. അവൻ്റെ ചിന്തകൾക്ക് നമ്മൾ അതിര് വെക്കാതിരുന്നാൽ മതി.

ഹോമർ ഹിക്കാമിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിലെ വെസ്റ്റ് വീർജീനിയയിൽ താമസിക്കുന്ന ഒരു സാധാരണ കുടുംബത്തിലെ ഖനി തൊഴിലാളിയുടെ മകൻ. തൻ്റെ പോലെ മകനും ഖനിയിൽ തൊഴിലെടുത്ത് ജീവിതത്തിൽ വിജയിക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായും ആഗ്രഹിച്ചു. പക്ഷേ, കുഞ്ഞ് ഹോമെറിന് വാന നിരീക്ഷണമായിരുന്നു ഹോബി. ഭൗമോപരിതലത്തിൽ ഉള്ള ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുടിനിക് 1 വിക്ഷേപിച്ചതോടെ ബാലനായിരുന്ന അവൻ്റെ ചിന്തകൾ റോക്കറ്റുകൾ കണക്കെ മാനത്തേക്കുയർന്നു. തുടർന്ന് റോക്കറ്റുകൾ നിർമ്മിക്കുന്നതിലായി ചിന്ത. നക്ഷത്രങ്ങളെ സ്വപ്നം കാണുന്നത് നിറുത്തി ഖനിയിലേക്ക് ഇറങ്ങി വാ എന്ന് അപ്പോഴും പിതാവ് ഉപദേശിച്ച് കൊണ്ടിരുന്നു. പക്ഷേ, മോഹം കൈ വിടാൻ അവൻ ഒരുക്കമായിരുന്നില്ല. അവസാനം അവനത് നേടിയെടുത്തു. ഒടുവിൽ തൻ്റെ ടീം തയ്യാറാക്കിയ റോക്കറ്റ് വാനലോകത്തേക്ക് വിക്ഷേപിക്കുമ്പോൾ പുറകിൽ ജനസഹസ്രങ്ങളിൽ ഒരാളായി ആ പിതാവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. 

അമേരിക്കയുടെ സ്പേസ് ഏജൻസി ആയ നാസയുടെ മുൻ എൻജിനീയർ ആണ് പ്രസ്തുത ഹോമർ. റോക്കറ്റ് ബോയ്സ് എന്ന പേരിൽ പ്രസിദ്ധമായ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ ഒരു കാലത്ത് ബെസ്റ്റ് സെല്ലർ ആയി ഇടം പിടിച്ച ഗ്രന്ഥമാണ്. ഒരു പക്ഷേ, കടും പിടുത്തവുമായി ആ പിതാവ് മുന്നോട്ട് പോയിരുന്നുവെങ്കിൽ ആരും അറിയാതെ ഏതെങ്കിലുമൊരു ഖനിയിൽ ഒതുങ്ങി കൂടുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. 

ചുരുക്കത്തിൽ, മക്കളുടെ കഴിവുകളും താൽപര്യങ്ങളും രക്ഷിതാക്കൾ തിരിച്ചറിയണം. അതനുസരിച്ച് മാത്രം അവരുടെ ഭാവി പ്ലാൻ ചെയ്യുക. അങ്ങനെ, ആദ്യ സ്വപ്നം അവരുടേത് ആവട്ടെ. എന്നിട്ടാവാം രക്ഷിതാക്കളുടെ സ്വപ്നം.

No comments:

Post a Comment