പടി കയറി വരുന്ന അതിഥികൾ ആദ്യ നോട്ടത്തിൽ തന്നെ കാണും വിധം പൂമുഖം നിറയെ വർണ്ണശഭളിമയാർന്ന കൊച്ചു കൊച്ചു സമ്മാനങ്ങൾ നിറച്ച് വെച്ചിട്ടുണ്ടാവും നമ്മുടെയൊക്കെ വീടകങ്ങളിൽ. അധികവും നമ്മുടെ ഓമന മക്കൾക്ക് ലഭിച്ചത്. നബിദിനത്തിന് പാട്ട് പാടിയത് മുതൽ പരീക്ഷയിൽ റാങ്ക് നേടിയതിന്, മത്സരത്തിൽ മുന്നിൽ എത്തിയതിന്, വിദ്യാർഥി നേതൃ പദവിൽ എത്തിയതിന്.. അങ്ങനെ അങ്ങനെ. അവയെല്ലാം മദ്രസ, സ്കൂൾ മറ്റു വേദികളിൽ വെച്ച് ലഭിച്ചവയാണ്.
നമ്മൾ രക്ഷിതാക്കളും പലപ്പോഴും സമ്മാനം കൊടുക്കാറുണ്ട്. ബെർത്ത്ഡേക്കും മറ്റും. എന്നാൽ, തീരെ പണച്ചെലവ് ഇല്ലാത്തതും പണം കൊടുത്ത് വാങ്ങുന്നവയേക്കാൾ മൂല്യം കൂടിയതും ആയ ഒരു സമ്മാനം ഉണ്ട് - പ്രാർത്ഥന.
നിങ്ങൾ മക്കൾക്ക് വേണ്ടി മനസ്സറിഞ്ഞ് ഒരു തവണയെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് തുടരണം. ഒരിക്കലും മുടങ്ങരുത്. ഇല്ലെങ്കിൽ ഇന്ന് തന്നെ അത് തുടങ്ങണം. കാരണം മാതാപിതാക്കൾ മക്കൾക്ക് വേണ്ടി നടത്തുന്ന പ്രാർത്ഥന ഉറപ്പായും സ്വീകരിക്കപ്പെടുന്ന് മുത്ത് നബി (സ്വ) അരുളിയിട്ടുണ്ട്.
നേരെ ചൊവ്വേ നടക്കാത്ത കാര്യങ്ങൾക്ക് നാം ആയുധം ഉപയോഗിക്കാറുണ്ട്. കൈ കൊണ്ട് മുറിക്കാൻ കഴിയാതിരിക്കുമ്പോൾ അടുക്കളയിലെ കത്തി ഉപയോഗിക്കുന്നത് അതിനാലാണ്.
പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണെന്ന് പ്രാവചക വചനവുമുണ്ട്. നമ്മൾ ഇനിയും ആ ആയുധം ഉപയോഗിക്കാതിരുന്നു കൂടാ.
ഖുർആന് ശേഷം ഏറ്റവും കൂടുതൽ പ്രബലമായ ഗ്രന്ഥം ഹദീസിലെ ബുഖാരിയാണ്. അതിൻ്റെ ഗ്രന്ഥകർത്താവായ ഇമാം ബുഖാരി(റ)ക്ക് കുഞ്ഞായിരിക്കെ തന്നെ കാഴ്ച നഷ്ടപ്പെട്ടു. ഒന്നും കാണാൻ കഴിയാത്ത ദാരുണമായ അവസ്ഥ. പിതാവ് നേരത്തെ മരിച്ചു. തൻ്റെ കുഞ്ഞ് ഉന്നത പണ്ഡിതൻ ആവണമെന്ന മോഹവുമായി നടക്കുന്ന ഉമ്മ. എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുന്ന ആ ഉമ്മ പ്രയോഗിച്ചത് നേരത്തെ പറഞ്ഞ ആയുധമായിരുന്നു - പ്രാർത്ഥന. ഒടുവിൽ മാതാവ് ഇബ്റാഹീം നബി(അ)യെ സ്വപ്നം കണ്ടു: "നിങ്ങളുടെ നിരന്തര പ്രാർത്ഥന കാരണം അല്ലാഹു കുഞ്ഞിന് കാഴ്ച തിരിച്ചു നൽകിയിരിക്കുന്നു." എന്ന ശുഭവാർത്ത അറിയിക്കുകയും ചെയ്തു. നേരം പുലർന്നപ്പോൾ പൂർണ്ണ കാഴ്‌ചയോടെ ചുറ്റും നോക്കുന്ന മകൻ!
തൻ്റെ ജീവിതത്തിൽ, ബുഖാരി ഇമാമിന് ഉമ്മ നൽകിയ ഏറ്റവും വലിയ സമ്മാനവും അത് തന്നെ ആയിരിക്കില്ലേ? ഉറപ്പായും. അത് കൊണ്ട്, ഈ സമ്മാനം നാം നമ്മുടെ മക്കൾക്ക് ഇനിയും നൽകാതിരുന്നു കൂടാ.
No comments:
Post a Comment