മൊബൈലിൽ ചെലവിടുന്നതിലേറെ സമയം നിങ്ങൾ മക്കളോടൊപ്പം ഇരിക്കാറുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ പാരെൻ്റിംഗ് സക്സസ് ആയിട്ടില്ല. നിങ്ങൾക്ക് വാനോളം സ്നേഹമുണ്ടെങ്കിലും കുന്നോളം പോലും അവർക്കത് ലഭിച്ചിട്ടുണ്ടാവില്ല. പ്രതിസന്ധികളിൽ നിങ്ങൾ കൂടെയുണ്ടാവുമെന്നും അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവില്ല. നിങ്ങൾ കൂടെയുണ്ടാവുമോ എന്നതല്ല വിഷയം, മറിച്ച് അക്കാര്യം അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.
പരീക്ഷക്ക് നല്ല രീതിയിൽ പഠിച്ചിട്ടും ലഭിച്ച മാർക് കുറവാണെങ്കിൽ നിങ്ങളോടത് പറയാൻ അവർക്ക് ഭയം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കും അവർക്കുമിടയിൽ ഇപ്പോഴും ഒരു ഗ്യാപ് നിലനിൽക്കുന്നു എന്ന് മനസ്സിലാക്കണം. മാർക് കുറഞ്ഞാൽ ആശ്വസിപ്പിക്കുന്നവർക്കു മാത്രമേ റാങ്കെടുത്താൽ സന്തോഷിക്കാൻ ധാർമികാവകാശമുള്ളൂ. ഫുൾ എ പ്ലസ് നേടിയാൽ നീയെൻ്റെ മോനാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നവർ എ പ്ലസ് കിട്ടിയില്ലെങ്കിലും സാരമില്ല എന്ന് പറഞ്ഞ് അവരെ ചേർത്ത് നിറുത്താൻ തയ്യാറാവണം.
പരിധികളില്ലാതെ സംസാരിക്കുക, കളി വിനോദങ്ങളിൽ ഏർപ്പെടുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, അവരെ വിശ്വാസത്തിലെടുക്കുക തുടങ്ങിയവയൊക്കെ നിങ്ങൾക്കിടയിലുള്ള അന്തരം കുറക്കാനും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നല്ലതാണ്.
ഉള്ള് തുറന്ന് സംസാരിക്കാനും കുഞ്ഞ് കുഞ്ഞ് കളികളിൽ അവരോടൊപ്പം കൂട്ട് കൂടാനും നിങ്ങൾ സമയം കണ്ടെത്തിയില്ലെങ്കിൽ കുറച്ച് കഴിഞ്ഞാൽ അത് ലഭിക്കുന്നിടത്തേക്ക് അവർ പോവും. നിങ്ങളവർക്ക് നൽകിയ സ്നേഹപ്പൂച്ചെണ്ടുകളുടെ തൂക്കം അന്നേരം അളന്നിട്ട് കാര്യമുണ്ടാവില്ല.
തന്റെ മകൻ ഗബ്രിയേലിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ വേണ്ടി ജോഷ് മാർഷൽ എന്ന പിതാവ് ചെയ്തത് എന്താണെന്ന് നിങ്ങൾക്കറിയാമോ? അമേരിക്കയിലെ കൻസാസ് സ്റ്റേറ്റിൽ ആറു വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. അന്ന് 8 വയസ്സ് മാത്രം പ്രായമുള്ള തൻ്റെ മകൻ ഗബ്രിയേൽ മാർഷലിന് അനാപ്ലാസ്റ്റിക് ആസ്ട്രോസൈറ്റോമ എന്ന അപൂർവമായ മസ്തിഷ്ക കാൻസർ ഉണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. ട്യൂമർ നീക്കം ചെയ്യാനുള്ള സർജറികൾ അവൻ്റെ തലയുടെ വലതുഭാഗത്ത് മുറിവുണ്ടാക്കി. മുണ്ഡനം ചെയ്ത തലയിൽ ആ പാടുകൾ തെളിഞ്ഞ് കാണാമായിരുന്നു.
ആളുകളവനെ തുറിച്ച് നോക്കുന്നെങ്കിൽ എന്നെയും നോക്കിക്കോട്ടെ എന്ന് പറഞ്ഞ് ആ പിതാവും തൻ്റെ തല അത് പോലെ മുറിപ്പെടുത്തി പച്ചകുത്തി. ആവർ രണ്ട് പേരുടെയും ചിത്രങ്ങൾ ആ കാലത്ത് ഇൻ്റർനെറ്റിൽ വൈറലായി പ്രചരിച്ചു. ഏത് പ്രതിസന്ധിയിലും താൻ കൂടെയുണ്ടാവുമെന്ന ഒരു സന്ദേശമാണ് അദ്ദേഹം അതിലൂടെ തൻ്റെ മകന് കൈമാറിയത്.
ചുരുക്കത്തിൽ, മക്കളുടെ കൂടെയാവുമ്പോൾ അവരുടെ ലോകത്തേക്ക് ഇറങ്ങി വരിക. നിങ്ങളുടെ സോഷ്യൽ സ്റ്റാറ്റസും മറ്റു അലങ്കാരങ്ങളുമൊക്കെ മാറ്റിവെക്കുക. അവർക്ക് മുമ്പിൽ നിങ്ങൾ അവരുടെ മാതാവ് അല്ലെങ്കിൽ പിതാവ് മാത്രമാണ്.
No comments:
Post a Comment