നിശ്ചയദാർഢ്യമുണ്ടോ നിങ്ങൾക്ക്?

2022 വേൾഡ് കപ്പ് ഉത്ഘാടന സെഷനിൽ വെച്ച് ജനലക്ഷങ്ങൾക്കു മുമ്പിൽ ഖുർആൻ സൂക്തങ്ങൾ ഓതി മനുഷ്യ സാഹോദര്യത്തിൻ്റെ മഹിമ വിളിച്ചോതിയ ഗാനിം മുഫ്താഹ് എന്ന 20 കാരനാണ് പോയ വാരത്തിലെ വാർത്താതാരം. ലോകത്തിൻ്റെ അഷ്ടദിക്കിൽ നിന്നും വന്ന അറുപതിനായിരം പേർ നേരിട്ടും പുറമെ ദശലക്ഷങ്ങൾ ഓൺലൈനായും ഇതിനകം അവനെ കേൾക്കുകയുണ്ടായി. പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രീ ചെയ്ത് കൊണ്ടിരിക്കുന്ന വിദ്യാർത്ഥി കൂടിയാണ് അവൻ.


2017 ലെ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 15 വയസ്സുള്ള ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരഭകനാണ് ഗാനിം. 2017 ൽ ഏറ്റവും മികച്ച യുവ സംരഭകനുള്ള തക്‌രീം അവാർഡിന് അർഹനായതും ഗാനിമായിരുന്നു. ഖത്തർ ഫിനാൻഷ്യൽ സെൻ്റർ അതോറിറ്റിയുടെ ബ്രാൻഡ് അംബാസിഡർ, റീച്ച് ഔട്ട് ടു ഏഷ്യയുടെ ഗുഡ് വിൽ അംബാസിഡർ, കുവൈത്ത് അമീറിൻ്റെ സമാധാനത്തിൻ്റെ അംബാസിഡർ തുടങ്ങി നിരവധി നേട്ടങ്ങളാണ് ഈ വിദ്യാർത്ഥി സ്വന്തം പേരിൽ നേടിയെടുത്തത്.


ഇൻസ്റ്റാഗ്രാമിൽ 30 ലക്ഷത്തിലേറെ ഫോള്ളവർസ് ഉള്ള ഗാനിമിൻ്റെ നേട്ടങ്ങളിൽ മൂന്ന് കോടിയിലധികം ആളുകളാണ് തങ്ങളുടെ സന്തോഷം വിവിധ സോഷ്യൽ മീഡിയകളിലൂടെ പങ്കുവച്ചിട്ടുള്ളത്. 


2002 ൽ ജനിച്ചത് മുതൽ നട്ടെല്ലിന്റെ വളർച്ച ഇല്ലാതാക്കുന്ന അപൂർവ രോഗമായ കൗഡൽ റിഗ്രഷൻ സിൻഡ്രോം ഗാനിമിൻ്റെ കൂടെത്തന്നെയുണ്ട്. അത് കാരണം അരക്ക് താഴെ ശരീരഭാഗങ്ങൾ തീരെയില്ല. ഗർഭത്തിൽ തന്നെ രോഗം കണ്ട് പിടിച്ച ഡോക്ടർമാർ ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനിച്ചപ്പോൾ, അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് അവർ വിധിയെഴുതി. 15 വർഷം കടക്കില്ലെന്ന് അഭിപ്രായപ്പെട്ടവർ വേറെ. അതിനിടെ സ്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.


എന്നാലിപ്പോൾ, തൻ്റെ അതിജീവനം വ്യാമോഹം മാത്രമാണെന്ന് വിധിയെഴുതിയവരുടെ മുമ്പിലൂടെ ഗാനിം കൈകൾ കാലുകളാക്കി നടന്നു നീങ്ങുകയാണ്. അതുകണ്ട്, ഇരുകാലുള്ളവർ അവൻ്റെ മുമ്പിൽ മുട്ട് മടക്കുകയും ചെയ്യുന്നു. ഇതാണ് ഗാനിമെന്ന അൽഭുതം. 


സ്വന്തം നേട്ടങ്ങളിൽ ഗാനിം എന്നും തൻ്റെ പേരിൻ്റെ കൂടെ ഓർത്ത് വെക്കുന്ന രണ്ട് നാമങ്ങളുണ്ട്. കുട്ടികളുടെ വളർച്ചയിൽ കണ്ണും കാതും തുറന്നിരിക്കുന്ന രക്ഷിതാക്കൾക്ക് നല്ലൊരു സന്ദേശമാണ് അതിലൂടെ ഗാനിം നൽകുന്നത്. അവനു ജന്മം നൽകിയ മാതാപിതാക്കളുടെതാണ് ആ നാമങ്ങൾ. ഡോക്ടർ ഗർഭഛിദ്രം നിർദേശിച്ചപ്പോൾ അവൻ്റെ കൈകാലുകൾ ഞങ്ങളായിരിക്കും എന്ന് പ്രഖ്യാപിച്ച ഉമ്മയും ഉപ്പയും. അവരുടെ നിശ്ചയ ദാർഢ്യത്തിൻ്റ തേരിലേറിയാണ് അവൻ ഇതെല്ലാം സാദിച്ചെടുത്തത്. 


രക്ഷിതാക്കൾ മനസ്സുവെച്ചാൽ ഈ ലോകത്ത് ഒത്തിരി അൽഭുതങ്ങൾ പിറക്കാനുണ്ടെന്നാണ് അവരിരുവരും നമുക്ക് നൽകുന്ന സന്ദേശം.

No comments:

Post a Comment