പണ്ടുപണ്ടൊരിടത്ത്

പണ്ട് പണ്ടൊരു ആമയും മുയലും ഉണ്ടായിരുന്നു.. ഈ കഥ കേൾക്കാത്ത കുട്ടികളാരും ഉണ്ടാവില്ല. നിങ്ങളുടെ കുട്ടിയും അത് കേട്ടിട്ടുണ്ട്. ഇന്നലെ ക്ലാസിൽ വച്ച് പഠിച്ച പാഠം അവൻ/ൾ മറന്നിട്ടുണ്ടെങ്കിലും കുഞ്ഞുനാളിലേ കേട്ട ഈ കഥ അവൻ/ൾ എക്കാലത്തും ഓർത്തിരിക്കും.

ആദ്യമായി ഈ കഥ കേട്ടപ്പോൾ മുയലിനെ എങ്ങനെയാണ് അവൻ മനസ്സിൽ വരച്ചിട്ടുണ്ടാവുക? മത്സരം നടന്ന ഗ്രൗണ്ടോ? മുയൽ ഉറങ്ങിയ വൃക്ഷമോ? ഇഴഞ്ഞിഴഞ്ഞ് വരുന്ന ആമയെയോ? എല്ലാം ഇപ്പോഴും അവൻ്റെ മനസ്സിൽ അതേ രൂപത്തിൽ തന്നെയുണ്ട്.


അതിനൊക്കെ പുറമെ, ആമ നൽകിയ ഗുണപാഠം എത്ര ആഴത്തിലാണ് അവൻ്റെ മനസ്സിൽ പതിഞ്ഞത്! നിരന്തര പരിശ്രമം ഒരുനാൾ വിജയിക്കുക തന്നെ ചെയ്യുമെന്ന്. എന്നാൽ കഥക്ക് പകരം ആപ്ത വാക്യമാണ് അവനോട് പറയുന്നതെങ്കിലോ? 


കുഞ്ഞുമനസ്സുകളിൽ കഥകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ചിന്ത, ഭാവന, ചിത്രീകരണം, വിശകലനം തുടങ്ങിയ കഴിവുകൾ വർദ്ധിപ്പിക്കുന്നു. സ്വഭാവ രൂപീകരണത്തിലും ധാർമിക മൂല്യങ്ങൾ സന്നിവേശിപ്പിക്കുന്നതിലും പങ്കുവഹിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയവയിൽ കാഴ്ചപ്പാട് ഉണ്ടാക്കുന്നു. വ്യത്യസ്ത സാധ്യതകളിൽ നിന്ന് ഏറ്റവും യോജിച്ചത് തെരഞ്ഞെടുക്കാനുള്ള ശേഷി സൃഷ്ടിക്കുന്നു. 


അത്കൊണ്ട്, നല്ല കഥകൾ കേട്ട് കുട്ടികൾ വളരട്ടെ. കഥകളിലൂടെ അവർ കാടും കടലും കായലും കടക്കട്ടെ. നീലാകാശത്തും സ്വർഗീയ മണിമാളികകളിലും പറന്നു നടക്കട്ടെ. ഘോരമഴയും ഇടിയും മിന്നലും അനുഭവിക്കട്ടെ. പക്ഷി-മൃഗങ്ങളോട് സംസാരിക്കട്ടെ. മുത്തും മരതകവും ചേർത്തു വച്ച് പളുങ്കു കൊട്ടാരങ്ങൾ പണിയട്ടെ. 


പ്രവാചകന്മാരുടെയും നേതാക്കളുടെയും ഇതിഹാസതുല്യരുടെയും വീരകഥകൾ, പക്ഷി-മൃഗാദികളുടെ ഗുണപാഠ കഥകൾ, അറബിക്കഥകൾ എല്ലാം അവർ കേൾക്കട്ടെ. പഞ്ചതന്ത്രത്തിലെ തന്ത്രങ്ങളും അവർ അറിയട്ടെ. ഇടക്കിടക്ക് നിർത്തി കഥയുടെ തുടർച്ച ഭാവനയിൽ കാണാൻ അവസരം നൽകുക. പ്രശ്നങ്ങൾക്ക് പരിഹാരവും കഥയിലെ ഗുണപാഠവും അവരോട് കണ്ടെത്താൻ പറയുക. മറ്റു സാധ്യതകളിലൂടെ കഥ അവസാനിപ്പിക്കാൻ ആവശ്യപ്പെടുക.

No comments:

Post a Comment