കഥ തുടങ്ങുന്നത് ശ്വേത ഗൊലിച്ച മുതലാണ്. ഹൈദരാബാദുകാരിയായ, ഇപ്പോൾ യു. എ. ഇയിൽ താമസിക്കുന്ന വീട്ടമ്മയാണ് അവർ. നാലു വയസ്സു പോലും തികയാത്ത തൻ്റെ മകൻ അദ്വിത് ഗൊലിച്ച എവറസ്റ്റ് കൊടുമുടി ചെറുപ്രായത്തിൽ തന്നെ കീഴടക്കണമെന്നാണ് അവരുടെ സുന്ദരമായ സ്വപ്നം.
ചെങ്കുത്തായി കയറിപ്പോവുന്ന ദുർഘടമായ ഹിമകണമലയടിപ്പാതകളിൽ പതറാതെ മുന്നേറണമെങ്കിൽ മാനസിക ശാരീരിക ക്ഷമത കുറച്ചൊന്നുല്ല വേണ്ടത്. രാത്രി കിടിത്തിയുറക്കുമ്പോൾ ധാരാളം ഹീറോ കഥകൾ അവരവന് പറഞ്ഞുകൊടുത്തു. സാഹസികമായ മഞ്ഞുമലകളും പർവത നിരകളും സ്വപ്നത്തിൽ അവൻ കയറിയിറങ്ങി.
തുടർന്ന് അവൻ്റെ വ്യായാമം കൃത്യമായി ക്രമീകരിച്ചു. ഭക്ഷണ മെനുവിൽ പോഷകാഹാരങ്ങളുടെ നീണ്ട നിര തന്നെ ഇടം പിടിച്ചു. ദിവസവും അവനെ കൂട്ടി നടക്കാനിറങ്ങും. ഓരോ ദിവസവും നടക്കുന്ന ദൂരം കൂട്ടിക്കൂട്ടി വന്നു. ഒടുവിൽ ദിനേന രണ്ടു മണിക്കൂർ വരെ തുടർച്ചയായി നടക്കാൻ അവനു സാധിച്ചു. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ, താമസിക്കുന്ന ഫ്ളാറ്റിലെ പതിനഞ്ചാം നില വരെ ദിവസവും അവൻ നടന്നു കയറാൻ തുടങ്ങി. പിഞ്ചുപൈതലിൻറെ നടത്തം കണ്ട് ചുറ്റുമുള്ളവർ അത്ഭുതം കൂറി. ഹൈ റേഞ്ച് കയറാനുള്ള മറ്റു പരിശീലനങ്ങളും അവന് നൽകി.
അതിനിടെ, ഇളംപാദങ്ങൾ എവറസ്റ്റ് കീഴടക്കുമെന്ന സ്വപ്നങ്ങൾക്കു മുമ്പിൽ കൊറോണ വില്ലൻപരിവേഷം ധരിച്ചു. പക്ഷേ, ശ്വേത തളർന്നില്ല. ലോക്ക്ഡോൺ കഴിയും വരെ കാത്തിരുന്നു. ഒടുവിൽ, 2021 ഒക്ടോബർ 28 ന് സഹോദരൻ സൌരാഭ് സുഖാനിയുടെ കൂടെ അദ്വിതിനേയും കൂട്ടി മാതാവ് എവറസ്റ്റിൻ്റെ കാൽചുവട്ടിലെത്തി. മാനം മുട്ടി നിൽക്കുന്ന തന്നെ ഇളംപാദങ്ങൾ കൊണ്ട് അളന്നെടുക്കാൻ വന്ന കുഞ്ഞുമാലാഖയെ കണ്ട് ഒരുപക്ഷേ, എവറസ്റ്റ് ഹർഷപുളകിതയായിട്ടുണ്ടാവണം.
അവൻ നടന്നു. കയറി. കൊച്ചുകൊച്ചു കാൽപാദയടികൾ പിറകിൽ ചരിത്രമായി പതിഞ്ഞു കിടന്നു. അവൻ മുന്നേറി. ദിനരാത്രങ്ങൾ മാറിമാറി വന്നു. ഇടക്കിടെ കാതിൽ പതിയുന്ന ഹീറോകഥകൾ അവനെ കൂടുതൽ ഊർജ്ജസ്വലനാക്കി. ഒടുവിൽ പത്തു ദിവസങ്ങൾക്കു ശേഷം അവനത് നടന്നു തീർത്തു: 5364 മീറ്റർ ഉയരം!.
അംബരച്ചുമ്പിയെ കുഞ്ഞിക്കാൽക്കീഴിലൊതുക്കിയ ചരിത്രം പിറന്ന മുഹൂർത്തത്തിൽ "എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കുന്ന ആദ്യ ഏഷ്യൻ ബാലനെ"ന്ന ഖ്യാതി കൂടി അവൻ തൻ്റെ പേരിനൊപ്പം തുന്നിച്ചേർത്തു. ആ നിമിഷം, ആ മാതൃനിശ്ചയദാർഢ്യത്തിനു ഹിമാലയത്തിലേറെ ഉയരമുണ്ടായിരുന്നു.
No comments:
Post a Comment