ഐടി കോർണർ - ഡിജിറ്റൽ ചാവികൾ

 ഡിജിറ്റൽ ചാവികൾ


ഇന്നൊരു കഥ പറയാം.

പെരുന്നാൾ ദിവസം വിരുന്ന് പോയി തിരിച്ചുപോരുമ്പോൾ വല്ലിമ്മ കൊച്ചു അമലിൻ്റെ കൈയ്യിൽ ഒരു പുതുപുത്തൻ നോട്ട് വച്ചുകൊടുത്തു. നല്ല പെടക്ക്ണ നൂറിൻ്റെ ഒരു ഉശിരൻ നോട്ട്. അങ്ങനെ പലപ്പോഴും അവന് ലഭിച്ചിട്ടുണ്ട് എല്ലാം കൂടി കൂട്ടിനോക്കിയാൽ ആയിരവും രണ്ടായിരവും വരും. 


ഇത്രയും കാലം കായ്ക്കുടുക്കയിലാണ് അവൻ ഇതെല്ലാം നിക്ഷേപിച്ചിരുന്നത്. എന്നാൽ, താൻ വലിയവനായില്ലേ.. ഇനിയും കായ്കുടുക്കയോ എന്നൊക്കെ ചിന്തിച്ച് കൊണ്ടിരുന്ന അവന്, ഉപ്പ തൻ്റെ മേശയിൽ ഒരു വലിപ്പ് തീറെഴുതിക്കൊടുത്തു; അവന് സ്വന്തമായി! കൂടെ അതിനൊരു കുഞ്ഞു ചാവിയും.


മദ്രസയിലും സ്കൂളിലും പോവുമ്പോഴൊക്കെ അമൽ, തൻ്റെ കുഞ്ഞുചാവി ബാഗിൽ സൂക്ഷിച്ചുവക്കും. രാത്രി ആരാരും കാണാതെ എടുത്തുവക്കും. ചാവിയല്ലേ.. വേറെ ആരുടെയെങ്കിലും കൈയ്യിൽ കിട്ടിയാലോ? തൻ്റെ കാശ് മുഴുവൻ നഷ്ടപ്പെട്ടേക്കാം..


അമൽ ഇത്ര രഹസ്യമായി ചാവി സൂക്ഷിച്ചുവക്കുന്നതിനെ കുറിച്ച് കൂട്ടുകാരുടെ അഭിപ്രായമെന്താണ്? നല്ലത് തന്നെ. അല്ലേ..


എങ്കിൽ, കഥ അവിടെ നിൽക്കട്ടെ. തീരെ ചെറിയ എന്നാൽ ഒത്തിരി വലിയ വിലപിടിപ്പുള്ള ധാരാളം ചാവികൾ നിങ്ങളുടെ ഓരോരുത്തരുടെയും കൈയ്യിൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാമോ? 


തിരിക്കുന്ന ചാവിയല്ല, ഡിജിറ്റൽ ചാവിയാണത്; കംപ്യൂട്ടറിലും മൊബൈലിലും നിങ്ങളുടെ രഹസ്യങ്ങൾ സംരക്ഷിച്ചു നിർത്തുന്ന പാസ് വേഡുകളാണവ. മൊബൈലിൻ്റെ സ്ക്രീൻ ലോക്ക്, ഫിങ്കർ പ്രിൻ്റ്, ഇൻസ്റ്റ പാസ് വേഡ് തുടങ്ങി ഒരു പിടി ചാവികൾ നിങ്ങൾക്ക് സ്വന്തമായുണ്ട്. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാതെ, അവർ കാണാതെ നിങ്ങളത് സൂക്ഷിക്കുമല്ലോ..

No comments:

Post a Comment