ഖുതുബ് മിനാർ
ലോകത്തെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ബുർജ് ഖലീഫയെ കുറിച്ച് കേൾക്കാത്ത കൂട്ടുകാരുണ്ടാവില്ല. സന്ധ്യാനേരങ്ങളിൽ അവിടെ നടക്കുന്ന ലേസർ ഷോ അത്യധികം നയനാന്ദകരമാണ്. എന്നാൽ, അത്രയും കെങ്കേമമായി ഇന്ത്യയിൽ ഒരു ലേസർ ഷോ നടക്കാറുണ്ട്. എവിടെയാണെന്നറിയുമോ കൂട്ടുകാർക്ക്?
ഭാരതതലസ്ഥാനമായ ഡൽഹിയുടെ ദക്ഷിണ ഭാഗത്ത് മെഹ്റോളിയിൽ സ്ഥിതി ചെയ്യുന്ന ഖുതുബ് മിനാർ ആണ്, 2023-24 വർഷം ലോക സഞ്ചാരികളെ ഇന്ത്യയിലേക്ക് ഹഠാദാകർഷിച്ച പ്രൌഢമായ രണ്ടാമത്തെ വിനോദ സഞ്ചാര കേന്ദ്രം. ഒന്നാമൻ, നമ്മുടെ താജ് മഹൽ തന്നെ. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്ത് വിട്ടതാണ് ഈ കണക്ക്.
13-ാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതയിൽ, ഇന്തോ-ഇസ്ലാമിക വാസ്തുവിദ്യയിൽ പണികഴിഞ്ഞ അതിമനോഹരമായ ഒരു മിനാറമാണ് ഖുതുബ് മിനാർ. ഇഷ്ടിക കൊണ്ടാണ് നിർമാണം. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്.
72.5 മീറ്റർ ഉയരമുള്ള ഈ ഗോപുരത്തിൻ്റെ മുകളിലെത്താൻ 399 സ്റ്റെപ്പുകൾ കയറണം. അഞ്ചു നിലകളാണ് ആകെയുള്ളത്. താഴ്ഭാഗം വട്ടം കൂടിയതും മുകളിലേക്ക് പോവും തോറും വട്ടം ചെറുതായി വരികയും ചെയ്യുന്ന രൂപമാണ് ഇതിനുള്ളത്.
1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബുദ്ദീൻ ഐബക് ആണ് ഈ മിനാറിൻ്റെ ആദ്യ നില പണികഴിപ്പിച്ചത്. 1299 ൽ, മുപ്പത് വർഷങ്ങൾക്കു ശേഷം സുൽത്താൻ ഇൽത്തുമിഷ് മറ്റു നാലുനിലകളും പണിതു.
എട്ടു നൂറ്റാണ്ടിൻ്റെ പ്രൌഢിയോടെ ഉത്തരേന്ത്യയിൽ ഇന്നും തലയുയർത്തി നിൽക്കുന്ന ഗംഭീരമായ ഒരു കെട്ടിടമാണ് ഖുതുബ് മിനാർ. നിരവധി സംഭവവികാസങ്ങളുടെ വേലിയേറ്റയിറക്കങ്ങൾ കൺമുന്നിൽ നേരിട്ട് കണ്ട മൂകസാക്ഷി.
No comments:
Post a Comment