സുരക്ഷിതരായിരിക്കാം വീട്ടിലും റോട്ടിലും
നമ്മുടെ കുട്ടികൾ സ്വതന്ത്രരായി ചിന്തിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പലപ്പോഴും സ്കൂളിലേക്കോ ട്യൂഷൻ സെന്ററുകളിലേക്കോ വീടിനടുത്തുള്ള മറ്റു സ്ഥലങ്ങളിലേക്കോ തനിയെ നടന്നുപോകുന്നവരാകും അവർ. ഈ ഘട്ടത്തിൽ, സുരക്ഷിതമായ റോഡ് ശീലങ്ങൾ അവരിൽ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്ക് നിർണായക പങ്കുണ്ട്.
റോഡ് സൈഡിൽ പ്രത്യേകം നടപ്പാതകൾ ഉണ്ടെങ്കിൽ നടക്കാനായി അതു തന്നെ ഉപയോഗിക്കാൻ നിർദ്ദേശിക്കണം. അവ ഇല്ലെങ്കിൽ റോഡിന്റെ വലതു വശം ചേർന്നാണ് നടക്കേണ്ടത്. അഥവാ റോഡ് നമ്മുടെ ഇടതു ഭാഗത്തായിരിക്കണം വരേണ്ടത്. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയണം.
റോഡ് മുറിച്ച് കടക്കുമ്പോൾ ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തണം. സീബ്രാ ക്രോസിംഗുകളിലൂടെ മാത്രമേ നടക്കാവൂ. പറ്റുമെങ്കിൽ അടുത്തുള്ള മുതിർന്ന ആളുകളുടെ സഹായം തേടാം. പെഡസ്ട്രിയൻ സിഗ്നലുകൾ (കാൽനടയാത്രക്കാർക്കുള്ള സിഗ്നലുകൾ) ഉണ്ടെങ്കിൽ അതുകൂടി പാലിച്ചു വേണം റോഡ് മുറിച്ച് കടക്കാൻ.
സ്കൂൾ സോണുകൾ, സീബ്രാ ക്രോസിംഗുകൾ, വേഗത പരിധികൾ എന്നിവയുമായി ബന്ധപ്പെട്ട സാധാരണ ട്രാഫിക് അടയാളങ്ങളും സിഗ്നലുകളും മനസ്സിലാക്കി കൊടുക്കണം.
സ്കൂൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പാലിക്കേണ്ട സുരക്ഷിതമായ രീതികളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. വാഹനം പൂർണ്ണമായും നിന്നതിന് ശേഷം മാത്രം കയറുക. ഇറക്കവും അതുപോലെ. വാഹനം പോയതിന് ശേഷം ഇരു ഭാഗത്തു നിന്നും മറ്റു വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പിച്ച് വേണം റോഡ് മുറിച്ചുകടക്കാൻ.
ഏറ്റവും പ്രധാനമായി, ട്രാഫിക് നിയമങ്ങൾ പാലിച്ചും അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കിയും റോഡിൽ ക്ഷമ കാണിച്ചും മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് നല്ല മാതൃകയാകണം. കൃത്യമായ ഇടവേളകളിലുള്ള സംഭാഷണങ്ങളും ഓർമപ്പെടുത്തലുകളും മുതിർന്നവരുടെ മേൽനോട്ടത്തിലുള്ള പരിശീലനവും കുട്ടികളെ ജാഗ്രതയുള്ളവരും ഉത്തരവാദിത്തമുള്ളവരുമായി മാറ്റാൻ സഹായിക്കും.
No comments:
Post a Comment