മൂകസാക്ഷി - അറക്കൽ രാജവംശം

 അറക്കൽ രാജവംശം

കേരള ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഭരണകൂടമായിരുന്നു കണ്ണൂർ ആസ്ഥാനമായി നിലനിന്നിരുന്ന അറക്കൽ രാജവംശം. മലബാർ തീരത്തെ ഏക മുസ്ലിം രാജകുടുംബമായിരുന്നു ഇത്. ഏകദേശം 12-ാം നൂറ്റാണ്ട് മുതൽ 18-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇവർ ഭരിച്ചു.


മരുമക്കത്തായ (മാതൃ പിന്തുടർച്ചാവകാശം) സമ്പ്രദായമായിരുന്നു ഇവരുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു ഓരോ കാലത്തെയും ഭരണാധികാരി. പുരുഷനാണെങ്കിൽ ആലി രാജാ എന്ന പേരിലും സ്ത്രീയാണെങ്കിൽ അറക്കൽ ബീവി എന്ന പേരിലും ഭരണകർത്താവ് അറിയപ്പെട്ടു.


അറക്കൽ രാജാക്കന്മാരുടെ അധികാരം കണ്ണൂരിലെ കരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ശക്തമായ നാവികപ്പടയുടെ പിൻബലത്തിൽ അവർ അറബിക്കടലിലെ വ്യാപാര പാതകളിൽ ആധിപത്യം സ്ഥാപിച്ചു. ലക്ഷദ്വീപ് സമൂഹം പൂർണ്ണമായും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. നാവിക ശക്തി കാരണം ഇവർ യൂറോപ്യൻ ശക്തികളുമായി വരെ വാണിജ്യ ബന്ധങ്ങളിലേർപ്പെട്ടു. 


വൈദേശിക അധിപത്യത്തോടെ അറക്കൽ രാജവംശത്തിന് അവരുമായി നിരന്തരമായി പോരാടേണ്ടി വന്നു. ഇതിനു വേണ്ടി മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലിയുമായി സഖ്യമുണ്ടാക്കി. എങ്കിലും കാലക്രമേണ അവരുടെ ശക്തി ക്ഷയിക്കുകയും അവസാനം ബ്രിട്ടീഷ് ഭരണകൂടം അറക്കൽ രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. 1905-ഓടെ ലക്ഷദ്വീപിൻ്റെ മേലുള്ള എല്ലാ അവകാശങ്ങളും ഈ കുടുംബത്തിന് നഷ്ടമായി.


ഈ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന അറക്കൽ കെട്ടാണ് ഇന്ന് കണ്ണൂരിൽ അറക്കൽ മ്യൂസിയമായി സംരക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ അറക്കൽ രാജ വംശം ബാക്കിവച്ച ശേഷിപ്പുകളുടെ മൂകസാക്ഷിയാണ് ഈ മ്യൂസിയം.

No comments:

Post a Comment