പാരൻ്റിംഗ് - നോ പറയാൻ പഠിക്കാം..

 നോ പറയാൻ പഠിക്കാം..

പുതിയ അധ്യയന വർഷാരംഭമാണ്. പോസിറ്റീവ് എനർജി പാസ് ചെയ്ത് തുടങ്ങാം എന്ന് വിചാരിച്ചതുമാണ്. പക്ഷേ, കാര്യം പറഞ്ഞില്ലെങ്കിൽ കളി കാര്യമാവും എന്നതു കൊണ്ടാണ് വിഷയത്തിൻ്റെ ഗൌരവം കണക്കിലെടുത്ത് ക്യാപ്ഷൻ തന്നെ ഇങ്ങനെ നൽകിയത്: നോ പറയാൻ പഠിക്കാം..


മിനിമം മുപ്പത് വയസെങ്കിലും ഉള്ള രക്ഷിതാക്കളാണ് ഈ എഴുത്തിൻ്റെ വായനക്കാർ. 1990 ലോ അതിനു മുമ്പോ ജനിച്ചവർ. ഗൾഫ് പണം കൊച്ചു കേരളത്തെ സമ്പന്നമാക്കിത്തുടങ്ങുന്ന കാലം. പൊതുവെ, മുഴുവൻ വീടുകളിലും ദാരിദ്ര്യത്തിൻ്റെ അവസാന അടയാളങ്ങൾ ബാക്കിയുണ്ടായിരുന്ന കാലം. 


ഈ രക്ഷിതാക്കൾ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്: "താൻ വളർന്നത് ദാരിദ്ര്യത്തിലാണ്, തൻ്റെ മക്കൾ അത് അനുഭവിക്കരുത്". നല്ല ചിന്ത തന്നെ. പക്ഷേ, ചിലർ ഒരു പടി കൂടി മുന്നോട്ട് കടക്കുന്നു. മക്കൾ ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്നു. തങ്ങളുടെ സാമ്പത്തിക നില പോലും വക വക്കാതെ മക്കളുടെ അനാവശ്യങ്ങൾക്കു പോലും "യെസ്" മൂളുന്നു. അവരുടെ കൊച്ചു വാശികൾ കണ്ട് ആസ്വദിക്കുന്നു.


ഇവർ വളർന്ന് വലുതാവുമ്പോഴാണ് അടുത്ത പ്രശ്നം നേരിടുന്നത്. ഇവരുടെ ആഗ്രഹങ്ങളും വലുതാവുന്നു. മൊബൈൽ, ലാപ്ടോപ്, ഇൻ്റർനെറ്റ്, വിനോദം തുടങ്ങിയവല്ലാം പരിധി മറന്ന് ആസ്വദിച്ച അവർ അവസാനം മയക്കുമരുന്നിലേക്ക് പ്രവേശിക്കുന്നു. ജീവിതത്തിൽ, പരിധികളറിയാത്ത അവർ മയക്കുമരുന്നിൻ്റെ മുന്നിൽ മാത്രം പരിധി വരക്കും എന്ന് കരുതിയിരിക്കുകയാണോ നിങ്ങൾ, പ്രിയ രക്ഷിതാക്കളേ? എങ്കിൽ നിങ്ങൾ വിഢികളുടെ പറുദീസയിലാണ്.


മൊബൈൽ നൽകാത്തതിനും വിനോദയാത്രക്ക് സമ്മതം മൂളാത്തതിനും ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടി വരികയാണ്. 


യഥാർഥ പ്രതിയെ കിട്ടിയോ? നാം തന്നെയാണ്, നാം തന്നെ, രക്ഷിതാക്കൾ.


അത് കൊണ്ട്, പുതിയ അധ്യയന വർഷത്തിൽ ഒരല്പം നോ പറയാനും നമുക്ക് പഠിക്കാം. അമിതമായ ആവശ്യങ്ങൾ അവർ ഉന്നയിക്കുമ്പോൾ, കാശ് ഉണ്ടെങ്കിൽ പോലും, നോ പറയണം. ജീവിത പ്രതിസന്ധികളിൽ വിജയിക്കുന്ന മക്കൾ അങ്ങനെയാണ് ഉണ്ടാവുന്നത്.

No comments:

Post a Comment