മൂകസാക്ഷി - തളങ്കര മാലിക് ദിനാർ പള്ളി

 തളങ്കര മാലിക് ദിനാർ പള്ളി


കൂട്ടുകാരെ, നമ്മൾ ഇന്ന് പോകുന്നത് കാസർഗോഡ് ജില്ലയിലെ ഒരു പഴയ പള്ളിയിലേക്കാണ് - മാലിക് ദിനാർ പള്ളി. ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ പള്ളിയാണ് ഇത്. 1425 വർഷങ്ങൾക്ക് മുൻപ് എ.ഡി 642 ൽ മാലിക് ദിനാറും സംഘവും (റ) ചേർന്നാണ് ഈ പള്ളി പണിതത്.


പ്രമുഖനായ ഒരു താബിഅ് (സ്വഹാബാക്കളുടെ അനുചരർ) ആയിരുന്നു, മാലിക് ദിനാർ. ചേരമാൻ പെരുമാളിൻ്റെ നിര്യാണ ശേഷം ഇന്ത്യയിലെത്തിയ ആദ്യ പ്രബോധകനായിരുന്നു അദ്ദേഹം എന്ന് ചരിത്രത്തിൽ കാണാം. അദ്ദേഹം കേരളത്തിൽ മൂന്ന് പ്രാവശ്യം വന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പള്ളി സ്ഥാപിച്ചതിനു ശേഷമാണ് തളങ്കരയിൽ പള്ളി നിർമ്മിക്കുന്നത്. അദ്ദേഹത്തിൻ്റെ മഖ്ബറയും പള്ളിയുടെ തൊട്ടടുത്ത് തന്നെയാണ്.


ഒന്നര സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ പള്ളിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പഴയ രീതിയിലുള്ള നിരവധി പണികൾ ചേർന്നതാണ് ഇതിൻ്റെ രൂപം. 1802-ൽ ഇത് വീണ്ടും പുതുക്കി പണിതപ്പോൾ തൂണുകളിലും മേൽക്കൂരയിലുമൊക്കെ നല്ല ഭംഗിയുള്ള കൊത്തുപണികൾ നിർമ്മിച്ചു. 


മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ഉറൂസ് മുബാറക് പ്രധാന ചടങ്ങാണ്. മതസൗഹൃദത്തിന് നല്ലൊരു മകുടോദാഹരണം കൂടിയാണ് ഈ ആഘോഷം. തൊട്ടടുത്ത ക്ഷേത്രങ്ങളിൽ നിന്നുള്ള ആളുകൾ പോലും ഇവിടുത്തെ ഉറൂസ് ആഘോഷത്തിൽ പങ്കെടുക്കാൻ വരാറുണ്ട്. 


ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ പള്ളി കാണാനും മാലിക് ബ്ൻ ദീനാറി(റ)ൻ്റെ മഖ്ബറ സിയാറത്ത് ചെയ്യാനുമായി നിരവധി ആളുകളാണ് ദിനേന ഇവിടെയെത്തുന്നത്.  

No comments:

Post a Comment