പാരൻ്റിംഗ് - അവരെ മത്സരങ്ങൾക്കൊരുക്കാം

 അവരെ മത്സരങ്ങൾക്കൊരുക്കാം


നാടോടുമ്പോൾ നടുവേ ഓടണം.. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം കഴിക്കണം.. എന്നൊക്കെയാണ് പഴഞ്ചൊല്ല്. പഴഞ്ചൊല്ലിൽ പതിരില്ല എന്നത് പഴഞ്ചൊല്ലിൻ്റെ സെൽഫ് അറ്റസ്റ്റേഷനും.


അതിതീവ്ര മത്സരങ്ങളുടെ മഹാപ്രളയമാണ് നമ്മുടെ മക്കളുടെ വിദ്യാഭ്യാസ ജീവിതത്തിൻ്റെ ഓരോ ചവിട്ടടിയിലുമുള്ളത്. മദ്രസയിലെ നബിദിന പരിപാടിയിൽ അവതരിപ്പിക്കുന്ന കുഞ്ഞിപ്പാട്ടു മുതൽ രാജ്യഭരണ കേന്ദ്രങ്ങളിലെ ഉദ്യോഗവൃത്തങ്ങളിലേക്കുള്ള സെലക്ഷൻ വരെ മത്സരഫലങ്ങളാണ്. അതിനിടയിൽ, എൽ എസ് എസ്, യു എസ്, എസ് മുതൽ തുടങ്ങുന്ന സ്കോളർഷിപ്പ് പരീക്ഷകൾ വേറെയും. 


പത്താംതരം കഴിയുന്നതോടെ കൂടുതൽ മാർക്കുള്ളവനാണ് മുമ്പിൽ. യു. ജി, പി. ജി തലങ്ങളിലും തുടർന്നും ധാരാളം മത്സരങ്ങൾ. ഗവർൺമെൻ്റെ/ പ്രൈവറ്റ് ജോലിക്ക് വേണ്ടിയുള്ള പരീക്ഷകൾ, വൈവ-ഇൻ്റർവ്യൂകൾ..  അവക്കിടയിൽ, തൻ്റെ വിയർപ്പുതുള്ളികൾ മാർക്കുകളായി പരിണമിക്കുമോയെന്ന ആശങ്കയിൽ നമ്മുടെ മക്കളും. 


കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്ന നിരവധി ഘട്ടങ്ങൾ നമ്മുടെ മക്കളുടെ ഭാവിജീവിതത്തിൽ അങ്ങിങ്ങായി ഒളിഞ്ഞിരിപ്പുണ്ട്. അതൊക്കെ അവർ മറികടക്കണം. 


അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും? അവരെ എങ്ങനെ ഒരുക്കണം?


അവർക്കിടയിൽ കൊച്ചുകൊച്ചു സൌഹൃദ്ദ മത്സരങ്ങൾ ഇപ്പോൾ തന്നെ നടത്തിത്തുടങ്ങാം. അയൽപ്പക്കങ്ങളിലുള്ള അവൻ്റെ കളിക്കൂട്ടുകാരെ ഒരു ഒഴിവ് ദിവസം വിളിക്കുക. അവർക്കിടയിൽ ചിത്രരചന മത്സരം നടത്തുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ പ്രഖ്യാപിക്കുക. മറ്റുള്ളവർക്കെല്ലാം നാലാം സ്ഥാനം. അവസാന പൊസിഷനിൽ ഒരാൾ മാത്രം ആവരുത്. നാലു പേർ മാത്രമാണ് ഉള്ളതെങ്കിൽ മൂന്നാം സ്ഥാനം രണ്ട് പേർക്ക് നൽകാം. കൂടാതെ, സമ്മാനം എല്ലാവർക്കും നൽകുക. മറ്റു മത്സരങ്ങൾ നടത്തുക. അവരെ രസിപ്പിക്കുക, ചിരിപ്പിക്കുക.


ചെറുപ്പത്തിൽ കൊച്ചു കൊച്ചു സൌന്ദര്യ സമ്മർദ്ദങ്ങൾ അവർ അനുഭവിക്കട്ടെ; ഭാവിയിലെ കടുത്ത സമ്മർദ്ദങ്ങൾ പുഞ്ചിരിയോടെ മറികടക്കാൻ.

No comments:

Post a Comment