ഐടി കോർണർ - ഇൻ്റർനെറ്റ്

 ഇൻ്റർനെറ്റ്


കൂട്ടുകാരേ, നിങ്ങൾക്ക് സുഹൃത്തിൻ്റെ വീട്ടിലേക്ക് പോവണം എന്ന് വിചാരിക്കുക. എന്ത് ചെയ്യും? നിങ്ങളുടെ വീട്ടിൽ നിന്ന് അവൻ്റെ വീട്ടിലേക്ക് ഒരു വഴി വേണ്ടേ.. അവിടെ നിന്ന് നിങ്ങൾക്ക് രണ്ടുപേർക്കും മറ്റൊരു കൂട്ടുകാരൻ്റെ വീട്ടിലേക്ക് പോവണമെന്നുണ്ടെങ്കിലോ?  അവിടെയും വേണം ഒരു വഴി. അല്ലേ..


നിങ്ങളുടെ പിതാവിൻ്റെ ഫോണിലുള്ള ഒരു ഫോട്ടോ അവൻ്റെ പിതാവിൻ്റെ ഫോണിലേക്ക് അയക്കണമെങ്കിലോ? അവിടെയും വേണം ഒരു വഴി. ഈ വഴികൾ പലതരത്തിലുണ്ട്. കേബ്ൾ, ബ്ലൂടൂത്ത്, ഇൻ്റർനെറ്റ് തുടങ്ങി പലതും.


നാം അധിവസിക്കുന്ന ഭൂമിയിലെ മുഴുവൻ കമ്പ്യൂട്ടറുകളും ഫോണുകളും പരസ്പരം കേബ്ൾ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഒരു നെറ്റ്‌വർക്ക് സങ്കൽപ്പിക്കുക. അതാണ് ഇൻ്റർനെറ്റ്. ഫോണുകളിൽ കേബ്ൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതുമായി യാത്ര ചെയ്യാൻ കഴിയുമോ? ഇല്ല. അവിടെ കേബ്ളിനു പകരമായി വയർലൈസ് സംവിധാനം പ്രവർത്തിക്കുന്നു. 


ഒരു കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ പോലുള്ള ഒരു ഉപകരണം ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഈ വലിയ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്യുകയാണ്. ഇവ കേബ്ളുകളിലൂടെയും വയർലെസ് സിഗ്നലുകളിലൂടെയും വിവരങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.


പഠിക്കുക, വിദ്യാഭ്യാസ വീഡിയോകൾ കാണുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചാറ്റ് ചെയ്യുക, ഇമെയിൽ അയയ്ക്കുക, അകലെ എത്ര ദൂരെയുണ്ടെങ്കിലും പ്രിയപ്പെട്ടവരുമായി വീഡിയോ കോൾ ചെയ്യുക, പസിലുകൾ സോൾവ് ചെയ്യുക, ചിത്രങ്ങൾ, കഥകൾ, വീഡിയോകൾ എന്നിവ സുഹൃത്തുക്കളുമായി പങ്കിടുക, യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ഷോപ്പിംഗ് നടത്തുക തുടങ്ങി നിരവധി ഉപയോഗങ്ങൾ ഇൻ്റർനെറ്റിൽ ലഭ്യമാണ്. 


ഇൻ്റർനെറ്റ് ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അപരിചിതരുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്, എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുക. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. 


ഓർക്കുക! അത്ഭുതകരമായ ഈ സംവിധാനത്തെ ബുദ്ധിപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ ജീവൻ തന്നെയായിരിക്കാം.

No comments:

Post a Comment