മൂകസാക്ഷി - എടക്കൽ ഗുഹ

 കൂട്ടുകാർ ശിലായുഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ചരിത്രാതീത കാലമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യരാശി എഴുത്തുവിദ്യ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കാലഘട്ടം. കല്ലുകൾ കൊണ്ട് പാറകളിലും മറ്റും കൊത്തുപണികൾ നടത്തി ആശയങ്ങൾ രേഖപ്പെടുത്തിയിരുന്ന കാലം. ബി.സി 5000 ത്തിനു മുമ്പായിരുന്നു ഇതെന്ന് ചരിത്ര ഗവേഷകർ പറയുന്നു. ചുരുക്കത്തിൽ, ഏഴായിരം വർഷങ്ങൾ മുമ്പുള്ള കാലം.


അത്ഭുതം തോന്നുന്നുണ്ട് അല്ലേ.. പാറകളിൽ കൊത്തിക്കൊത്തി ആശയങ്ങൾ രേഖപ്പെടുത്താൻ എത്ര പാടുപെട്ടിട്ടുണ്ടാവും അവർ! അവർ ചെയ്തുവച്ച ആ രേഖകൾ കാണാൻ കൊതിയാവുന്നുണ്ടോ? ഇത്രയും സഹസ്രാബ്ദങ്ങൾ അതിജീവിച്ച രേഖകൾ ലോകത്തെവിടെയെങ്കിലും ബാക്കി നില്പുണ്ടോ?


അത്ഭുതപ്പെടേണ്ട. നമ്മുടെ കൊച്ചു കേരളത്തിൽ വരെ അത്തരം രേഖകൾ സൂക്ഷിച്ചു കിടപ്പുണ്ട്. എവിടെയാണെന്ന് അറിയേണ്ടേ.. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള, പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന, വയനാട് ജില്ലയിലെ അമ്പുകുത്തിമലയുടെ മുകളിൽ ഈ രേഖകൾ ഉണ്ട്. എടക്കൽ ഗുഹയിൽ.. 


മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങളും മനുഷ്യർ ഉപയോഗിക്കുന്ന ഉപകരണങ്ങളും തിരിച്ചറിയാൻ കഴിയാത്ത മറ്റു ചിഹ്നങ്ങളുമാണ് ഇവിടെയുള്ളത്. 


1901-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ്‌, ആദിവാസികളുടെ സഹായത്തോടെ കാടുവെട്ടിത്തെളിച്ച് മലമുകളിലെത്തി ഈ ഗുഹകൾ കണ്ടെത്തുന്നത്. കേരളത്തിൽ ലഭ്യമായ ഏറ്റവും പഴക്കമേറിയ രേഖകളുമായി എടക്കൽ ഗുഹകൾ, സഹസ്രാബ്ദുങ്ങളുടെ മൂകസാക്ഷിയായി ഇന്നും നമ്മുടെ മുന്നിൽ  നിലകൊള്ളുന്നു.

No comments:

Post a Comment