റൂമിലേക്ക് ഒരു കട്ടിൽ കയറ്റിയിടാൻ പ്രയാസപ്പെടുന്ന നാലു മുതിർന്ന വ്യക്തികളുടെ ചിത്രം ഈയിടെ നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നോ? ഒരു പക്ഷേ, ഭാവനാ ചിത്രമായിരിക്കാം. കാലുകൾ അഴിച്ചെടുത്ത് കട്ടിൽ അകത്തേക്ക് കയറ്റാനുള്ള സാമാന്യബോധം പോലും അവർക്കില്ലാതെ പോയതാണ് ചിത്രത്തിന്റെ പ്രസക്തി.
നമ്മളിൽ പലരുടേയും ജീവിതവും പ്രസ്തുത ചിത്രത്തോട് സാമ്യത പുലർത്തുന്നതായിരിക്കും. റൂമിലെ കട്ടിൽ, മേശ, കസേര, അലമാറ തുടങ്ങിയ ഫർണിച്ചറുകൾ എങ്ങനെ ക്രമീകരിച്ചാലാണ് കൂടുതൽ വാക്കിംഗ് സ്പേസ് ലഭിക്കുകയെന്ന് നമുക്ക് അറിയില്ല. വാതിൽ, ജനൽ എന്നിവയുടെ കിടപ്പ് നോക്കി വെളിച്ചം, വായു എന്നിവയുടെ ലഭ്യത സമീകൃതമായി ലഭിക്കും വിധം ഫർണിച്ചറുകൾ ക്രമീകരിക്കുന്നത് കലാബോധമുള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.
അതുപോലെ, ഏതെങ്കിലും യാത്രാവേളയിൽ ആഗ്രഹിച്ച മുഴുവൻ ലഗേജും ട്രാവൽ ബാഗിൽ ഉൾക്കൊള്ളിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ? ഡ്രസ്, സ്റ്റേഷനറീസ്, ഫയൽ, ബുക്, പെർഫ്യൂം, ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ എങ്ങനെ ക്രമീകരിച്ചാലും കുറച്ച് പുറത്തുണ്ടാവും അല്ലേ..
ചെറിയ കുട്ടികൾക്ക് നാം വാങ്ങിക്കൊടുക്കുന്ന ടോയ് ബിൽഡിംഗ് ബ്ലോക്സ് ഇവിടെയാണ് പ്രസക്തമാവുന്നത്. വിവിധ വലുപ്പത്തിലുള്ള കുഞ്ഞുകുഞ്ഞു കളിക്കട്ടകൾ അവർക്ക് വാങ്ങിക്കൊടുക്കൂ. വീടും റോഡും കാറും ലോറിയും കസേരയും കട്ടിലും അവർ ഉണ്ടാക്കിക്കളിക്കട്ടെ. അതിലൂടെ പ്ലാനിംഗ്, ക്രമീകരണം, ക്രിയേറ്റിവിറ്റി, ക്ഷമ എന്നീ കഴിവുകൾ അവർ വളർത്തിയെടുക്കും. നിറം, വലുപ്പം, ഉയരം, എണ്ണം തുടങ്ങിയവയുമായും അവർ പരിചയപ്പെടും.
No comments:
Post a Comment